
കവരത്തി: ലക്ഷദ്വീപിൽ മലിനീകരണ നിയന്ത്രണത്തിന്‍റെ ഭാഗമായി ബുധനാഴ്ചകളിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവിനെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് പോലെയുള്ള ശുദ്ധവായു ലഭിക്കുന്ന ഒരിടത്ത് എവിടെയാണ് മലിനീകരണമെന്നും ഈ ഉത്തരവ് തികച്ചും വിചിത്രമാണെന്നും അവർ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
ഭരണകൂടത്തിന്‍റെ ഈ പുതിയ നീക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ഐഷ ആരോപിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ മലിനീകരണം വല്ല 'ജെഫ്രി എപ്സ്റ്റിൻ കാറ്റും' വഴി ലക്ഷദ്വീപിലേക്ക് എത്തിയതാണോ എന്ന് ബിജെപി നേതാക്കൾ വ്യാഖ്യാനിച്ചേക്കാം എന്ന് അവർ പരിഹസിച്ചു. മലിനീകരണം നിയന്ത്രിക്കാനാണ് ഈ പദ്ധതിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, പ്രകൃതിരമണീയമായ ദ്വീപുകളിൽ ഇത്തരമൊരു നടപടിയുടെ ആവശ്യകതയെ അവർ ചോദ്യം ചെയ്യുന്നു.
ജനങ്ങളോട് ബുധനാഴ്ചകളിൽ ബൈക്കുകളോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കരുത് എന്ന് നിർദ്ദേശിക്കുന്ന ഭരണകൂടം, ഈ നിയമം ഉദ്യോഗസ്ഥർക്കും ബാധകമാണോ എന്ന് വ്യക്തമാക്കണമെന്ന് ഐഷ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസുകളിലേക്ക് നടന്നും സൈക്കിൾ ചവിട്ടിയും പോയി ജനങ്ങൾക്ക് മാതൃകയാകണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് അവർ കുറിച്ചു. "ഡൽഹിയിലെ പൊല്യൂഷൻ ലക്ഷദ്വീപിനെ ചതിച്ചതാ" എന്ന പരിഹാസത്തോടെയാണ് അവർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ലക്ഷദ്വീപിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഭരണകൂടം ഉത്തരവിറക്കിയത്. എല്ലാ ബുധനാഴ്ചകളും 'നോ വെഹിക്കിൾ ഡേ' ആയി ആചരിക്കാനാണ് തീരുമാനം. ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതുമാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ഈ മാസം 25-ാം തീയതി മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. പ്രകൃതിരമണീയമായ ദ്വീപിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ തീരുമാനം ഏറെ സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യയിൽ തന്നെ ഇത്തരമൊരു നീക്കം ആദ്യമായിട്ടാണെന്നാണ് ലക്ഷദ്വീപ് ഭരണകൂട വൃത്തങ്ങൾ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam