
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്തി സില്‍ക്സിലുണ്ടായ തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അഗ്നിശമന സേനയുടെ പരിശോധനാ റിപ്പോര്‍ട്ട്. കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കൂടുതല്‍ സ്റ്റോക്ക് സംഭരിച്ചതാണ് തീപിടിത്തത്തിന്‍റെ ആഘാതം കൂട്ടിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം സ്ഥാപനത്തിന്‍റെ മാനേജര്‍ നൽകിയ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും കോര്‍പ്പറേഷനും വെവ്വേറെ അന്വേഷണമാണ് നടത്തുന്നത്.
ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പുക ഉയര്‍ന്നപ്പോള്‍ തന്നെ കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി അഗ്നിശമന സേനയുടെ റിപ്പോര്‍ട്ടിലുണ്ട്. രണ്ടാം നിലയിൽ നിന്ന് പുക ഉയര്‍ന്ന ഉടനെ ഓട്ടോമാറ്റിക് സ്പ്രിംങ്കളറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടാം നിലയില്‍ നിന്നാണ് തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചത്. വസ്ത്രങ്ങള്‍ കൂടുതല്‍ സംഭരിച്ചിരുന്നതിനാല്‍ തീ പിടിത്തത്തിന്‍റെ വ്യാപ്തി കൂടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് നാളെ ജില്ലാ കളക്ടര്‍ക്ക് കൈമാറും തീപിടിത്തത്തില്‍ 35 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്‍റിന്‍റെ വിലയിരുത്തല്‍. ഒന്നാം നിലയിലാണ് തീപടര്‍ന്നതെന്ന സംശയം മൂലമുണ്ടായ ആശയക്കുഴപ്പമാണ് തീ ആദ്യം അണക്കാന്‍ കഴിയാതിരുന്നതെന്ന് ഉടമകള്‍ പറയുന്നു.
സ്ഥാപനത്തിന്‍റെ മാനേജര്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. അമ്പത് കോടി രൂപയോളം നഷ്ടമുണ്ടായെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. തീപിടിത്തമുണ്ടായ സമയത്ത് 135 ഓളം ജീവനക്കാരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇതിലേറെ ആളുകള്‍ വസ്ത്രം വാങ്ങാനും എത്തിയിരുന്നു. മുന്നറിയിപ്പ് അലാം മുഴങ്ങിയിതിനെത്തുടര്‍ന്ന് ആളുകള്‍ പുറത്തേക്ക് ഓടിയതിനിലാണ് വലിയദുരന്തം ഒഴിവായത്. അതേസമയം, മിഠായിതെരുവ് ,പാളയം,പുതിയ ബസ്സ്റ്റാന്‍റ് പോലുള്ള നഗരഹൃദയ ഭാഗങ്ങളില്‍ അടിക്കടി തീപിടിത്തമുണ്ടാകുമ്പോളും പെട്ടെന്ന് തീയണക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെതിരെ വ്യാപാരി സംഘടനകള്‍ രംഗത്തെത്തി. ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷൻ സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി സര്‍ക്കാരിനെ സമീപിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
ഇന്നലെ വൈകിട്ട് ആറോടെയാണ് കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപം പാളയത്തുള്ള ജയലക്ഷ്മി സിൽക്സിന്‍റെ മൂന്നു നില കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ 20ലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് രാത്രിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam