
മാവേലിക്കര: പൊലീസുകാരി സൗമ്യ പുഷ്പാകരനെ അതിക്രൂരമായി കുത്തിയും തീ കൊളുത്തിയും കൊലപ്പെടുത്തിയ അജാസും അതേ തീയില്‍ നിന്നേറ്റ പൊള്ളലിനെ അതിജീവിക്കാനാകാതെ മരണപ്പെട്ടു കഴിഞ്ഞു. മനുഷ്യ മന:സാക്ഷിയെ നടുക്കിയ ക്രൂരത ചെയ്ത അജാസ് അന്തര്‍മുഖനും പൊലീസിന്‍റെ ഔദ്യോഗിക അച്ചടക്ക രീതികള്‍ പാലിക്കാത്തയാളുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുസമൂഹവുമായി ഇടപെടുന്നതില്‍നിന്നും ഇയാള്‍ മാറിനിന്നിരുന്നു. സഹപ്രവര്‍ത്തകരുമായി കൂട്ടുകൂടാനോ സൗഹൃദം സ്ഥാപിക്കുന്നതിനോ ഇയാള്‍ ശ്രമിച്ചിരുന്നില്ല. മിക്കപ്പോഴും ഒറ്റയ്ക്കായിരുന്നു ജീവിതം.
സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടെ ജോലി ചെയ്യുന്നവരുമായി സംസാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് ഇയാള്‍ ഒരു ദുരൂഹ വ്യക്തിത്വമായിരുന്നു. ജോലിയിലും വലിയ മികവ് പുലര്‍ത്തുകയോ ആത്മാര്‍ത്ഥത പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. കളമശേരി എആർ ക്യാംപിലെ ജോലിയില്‍നിന്ന് ലോക്കലിലേക്കു മാറുകയായിരുന്നു. 2018 ജൂലൈ ഒന്നിനാണ് എറണാകുളം ടൗൺ ട്രാഫിക് സ്റ്റേഷനിൽ എത്തിയത്. സൗമ്യയെ കൊലപ്പെടുത്തിന്നതിന് ഒരാഴ്ച മുൻപു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു. ഇവിടെ എത്തിയിട്ട് ഒരു വർഷമായെങ്കിലും സ്റ്റേഷനിലെ സഹപ്രവർത്തകരുമായി വലിയ അടുപ്പം പുലര്‍ത്താറില്ലെന്നാണ് വിവരം. സൗഹൃദ സദസുകളില്‍ ഒന്നും ഇയാള്‍ പ്രത്യക്ഷപ്പെടാറില്ല. പൊലീസിന്‍റെ അച്ചടക്കം അജാസ് കാണിക്കാറില്ലെന്നാണ് മേലുദ്യോഗസ്ഥരും പറഞ്ഞിരുന്നത്.
കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫീസര്‍ സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് ഇയാളുടെയും സൗമ്യയുടെ അമ്മയുടെയും മൊഴിയില്‍നിന്ന് വ്യക്തമാകുന്നത്. തൃശൂര്‍ കെഎപി ബറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകിയത് അജാസായിരുന്നു. അന്നുതുടങ്ങിയ സൗഹൃദം പിന്നീടും തുടര്‍ന്നു. പിന്നീട് അജാസിന് സൗമ്യയോട് പ്രണയമായി. ഇതിനിടെ ഇവര്‍ സാമ്പത്തിക ഇടപാടും തുടങ്ങിയിരുന്നു. അജാസിന്‍റെ വിവാഹാഭ്യാര്‍ഥന സൗമ്യ നിരസിച്ചതും അജാസിനെ അവഗണിച്ചതുമാണ് കൊലപാതകത്തിലേക്കുള്ള കാരണമായി പറയുന്നത്.
സാമ്പത്തിക ഇടപാട് അവസാനിപ്പിക്കുകയും ഫോണ്‍ കാളുകള്‍ക്ക് പ്രതികരിക്കാതിരിക്കുകയും ചെയ്തത് അജാസില്‍ പകയുണര്‍ത്തി. തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്തണമെന്ന് ഉറപ്പിച്ച് ഇയാള്‍ പദ്ധതി ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. സൗമ്യയെകൊന്ന് ആത്മഹത്യ ചെയ്യാനും ഇയാള്‍ തീരുമാനിച്ചിരുന്നു. നാട്ടുകാര്‍ പെട്ടെന്ന് ഇടപെട്ടതോടെയാണ് ആത്മഹത്യാ ശ്രമം അന്ന് പാളിയത്. 40 ശതമാനം പൊള്ളലേറ്റ അജാസ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. മുമ്പും ഇയാള്‍ സൗമ്യയെ ആക്രമിച്ചിരുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനർ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത കുടുംബമാണ് അജാസിന്‍റേതെന്നും പരിചയമുള്ളവര്‍ പറയുന്നു. സിവിൽ ലൈൻ റോഡിലെ വാഴക്കാല ജംഗ്ഷനിൽ നിന്നു 100 മീറ്റർ മാത്രം മാറിയാണ് മൂലേപ്പാടം റോഡിൽ അജാസിന്‍റെ വീട്. വീടിനോടു ചേർന്നു റോഡരികിൽ കടമുറികൾ വാടകയ്ക്ക് നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam