
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് അജയ് തറയില്‍. ത്യാഗവും കഷ്ടപ്പാടുകളും അനുഭവിച്ച് ഉയര്‍ന്നു വന്നൊരാള്‍ മുഖ്യമന്ത്രിയാകണമെന്നും സമരപഥങ്ങളില്‍ കൈകഴുകി മാറി നിന്നവരാകരുത് മുഖ്യമന്ത്രിയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ തീരുമാനിക്കും. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് പുറത്ത് നിന്നും കേരളത്തിൽ മുഖ്യമന്ത്രിമാർ വന്നിട്ടുണ്ടെന്ന് എ.കെ. ആൻ്റണി മുഖ്യമന്ത്രിയായ പശ്‌ചാത്തലങ്ങൾ ഓർമിപ്പിച്ച് അജയ് തറയിൽ ചൂണ്ടിക്കാട്ടി. താന്‍ ആരുടെയും പേരെടുത്ത് പറഞ്ഞല്ല ഫെയ്സ്ബുക്ക് കുറിപ്പ് എഴുതിയത്. തൻ്റെ സ്വപ്നം മാത്രമാണ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് കടുക്കുകയാണ്. പ്രതിച്ഛായ കൂട്ടാൻ വീഡിയോയും ഡോക്യുമെൻ്ററിയും പുസ്തകങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി. വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും ആവേശത്തോടെയാണ് അണികൾ സമൂഹമാധ്യമങ്ങളിൽ കൊണ്ട് പിടിച്ച് പ്രചരിപ്പിക്കുന്നത്. രമേശ് ചെന്നിത്തലയെ വാഴ്ത്തി ജനനായകൻ വീഡിയോ രംഗത്തെത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്‍ററി ഷൂട്ട് അവസാന ഘട്ടത്തിലാണ്. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകം അണിയറയിൽ പുരോഗമിക്കുകയാണ്.
കെഎസ്‍യു കാലം മുതലുള്ള ജീവിതമാണ് രമേശ് ചെന്നിത്തലയെ വാഴ്ത്തി ജനനായകൻ വീഡിയോയിലെ പ്രമേയം. എഐ സാങ്കേതിക വിദ്യയുമുണ്ട്. ഇംഗ്ലീഷ്, ഹിന്ദി പ്രസംഗ ശകലങ്ങളും, ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളാണ്. വീഡിയോ മാത്രമല്ല, ഒസിയുടെ ദൗത്യം പൂർത്തിയാക്കാൻ ആർസി, കേരളത്തെ ആർസി നയിക്കട്ടെ, കൂലിപ്പടയാളികള്ള, പോരാളികളാണ് നായകനാകുന്നത്... അങ്ങനെ നായകൻ ചെന്നിത്തല ടാഗിൽ കാർഡുകളുടെ കുത്തൊഴുക്കാണ്. കെ സി വേണുഗോപാല്‍- വി ഡി സതീശന്‍ പോരായി ചുരുങ്ങുന്നത് കണ്ടാണ് കാഴ്ചക്കാരുടെ റോൾ വിട്ട് ആർസി ടീം കളത്തിലേക്ക് ഇറങ്ങിയത്.
മത്സരിച്ചില്ലെങ്കിലും നമ്പർ വൺ കസേരക്കുള്ള കിടമത്സരത്തിൽ സജീവമായുള്ള കെസി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെൻ്ററി ഷൂട്ട് അന്തിമഘട്ടത്തിലാണ്. ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഒരുക്കുന്ന ഡോക്യുമെൻ്ററിയുടെ ഷൂട്ട് ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. കെസിയുടെ ജീവചരിത്രവും അണിയറയിലുണ്ട്. ലോകപുസ്തകദിനത്തിൽ വായനക്കാർക്കായി കെ സി പങ്ക് വെക്കുന്നത് തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക രൂപം. നേരിനൊപ്പം പോരാട്ടങ്ങൾ, നിലപാടുകൾ. ട്രക്കിംഗും വനവാസം റിസോർട്ടിൻറെ ഉദ്ഘാടനവും ഒക്കെ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിഡി സതീശൻ്റെ പുസ്തകവും ഉടനെത്തും. കൃസ്ത്യൻ വിശ്വാസികളുടെ പരിപാടികളിലെ പ്രധാന പ്രസംഗങ്ങൾ ചേർത്തുള്ള പുസ്തകത്തിഴൻ്റെ പേര് ആദം നീ എവിടെയാകുന്നു. പല ഫോർമാറ്റുകളിൽ പ്രതിച്ഛായപ്പോര് കടുക്കുമ്പോൾ ഇതൊക്കെ പെട്ടി പൊട്ടിച്ചിട്ട് പോരെ എന്ന അഭിപ്രായ കോൺഗ്രസ്സിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam