വാര്‍ഡ് വിഭജന ഓര്‍ഡിനൻസ്: സര്‍ക്കാരും ഗവര്‍ണറും തമ്മിൽ പ്രശ്നം ഇല്ലെന്ന് എകെ ബാലൻ

By Web TeamFirst Published Jan 16, 2020, 10:22 AM IST
Highlights

ഗവര്‍ണറുമായി നേരിട്ടൊരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതേ സമയം ഇക്കാര്യത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന ഗുരുതര ആക്ഷേപവും സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് വിഭജനം ലക്ഷ്യമിട്ട ഓര്‍ഡിനൻസ് സംബന്ധിച്ച് ഗവര്‍ണറുമായി യാതൊരു അഭിപ്രായ വ്യത്യാസവും സര്‍ക്കാരിന് ഇല്ലെന്ന് നിയമന്ത്രി എകെ ബാലൻ . ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ ഒപ്പിടാൻ വിസമ്മതിച്ചതിൽ ഭരണപരമായ ഒരു പ്രതിസന്ധിയുമില്ല. സർക്കാരും ഗവർണറും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും 
പ്രതിപക്ഷം കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 

തുടര്‍ന്ന് വായിക്കാം: ഗവര്‍ണറും സര്‍ക്കാരും നേര്‍ക്കുനേര്‍: തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍...

പി സദാശിവം കേരള ഗവര്‍ണറായിരുന്ന കാലത്തും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഗവര്‍ണറുടെ അഭിപ്രായം കൂടി പരിഗണിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി എകെ ബാലൻ വിശദീകരിച്ചു. അങ്ങനെ എടുക്കുന്ന തീരുമാനത്തിന് ഗവര്‍ണറുടെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഗവർണർ മനപൂർവ്വം പ്രശ്നമുണ്ടാക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല.അടിയന്തര സാഹചര്യം എന്താണ് എന്ന് മാത്രമാണ് ഗവർണർ ചോദിച്ചത്. നിയമസഭയിൽ വച്ചാൽ പോരെ എന്നാണ് ഗവർണർ ചോദിക്കുന്നതെന്നും അദ്ദേഹത്തിന് കിട്ടിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അങ്ങനെ  സംശയമുന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് ഒരു തടസവുമില്ലെന്നും എകെ ബാലൻ പറഞ്ഞു. 

ഈ വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകള്‍ വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഓര്‍ഡിനൻസിൽ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാത്ത ഗവര്‍ണറുടെ നടപടിയോടെ  പ്രതിസന്ധിയില്‍ ആയത്. തദ്ദേശസ്വയംഭരണസ്ഥാപനവാര്‍‍ഡുകള്‍ 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഉത്തരവിട്ടു കൊണ്ട് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിലാണ് ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത്. ഇതു രണ്ടാം തവണയാണ് ഈ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുന്നത്. 

തുടര്‍ന്ന് വായിക്കാം: തദ്ദേശ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍: എതിര്‍പ്പുമായി യുഡിഎഫും എല്‍ഡിഎഫും...

 

click me!