
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനക്കോഴയിൽ ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പേരിൽ ആൾമാറാട്ടം നടന്നോ എന്ന് സംശയിച്ച് പൊലീസ്. അഖിൽമാത്യുവിന് പരാതിക്കാരൻ ഹരിദാസ് പണം കൊടുത്തുവെന്ന പറയുന്ന ഏപ്രിൽ 10ന് അഖിൽ പത്തനംതിട്ടയിലാണെന്നാണ് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു. ആദ്യം കണ്ട അഖിൽ മാത്യുവിന്റെ ഫോട്ടോയും പൊലീസ് കാണിച്ച ഫോട്ടോയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഹരിദാസൻ പറഞ്ഞു.
ഏപ്രിൽ 10ന് അഖിൽ മാത്യുവിന് സെക്രട്ടറിയേറ്റിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിന് തൊട്ടടത്ത് വെച്ച് ഒരു ലക്ഷം കൊടുത്തുവെന്ന ഹരിദാസന്റെ പരാതിയായിരുന്നു നിയമനക്കോഴയിലെ നിർണ്ണായക വിവരം. ആ ദിവസവും അടുത്തദിവസവും ഹരിദാസ് തിരുവനന്തപുരത്തുണ്ടെന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമാണ്. എന്നാൽ 10,11 തിയ്യതികളിൽ അഖിൽ മാത്യു തിരുവനന്തപുരത്തല്ല, പത്തനംതിട്ടയിലാണെന്നാണ് ടവർ ലൊക്കേഷൻ കാണിക്കുന്നതെന്ന് പൊലീസ് പറയുന്നു. പത്തിന് പത്തനംതിട്ടയിലെ ഒരു വിവാഹത്തിൽ അഖിൽ മാത്യു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. അഖിൽ മാത്യുവെന്ന് പറഞ്ഞ് അഖിൽ സജീവൻ മറ്റൊരാളെ ഹരിദാസന്റെ മുന്നിലെത്തിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആൾമാറാട്ടം നടന്നോ എന്ന നിലക്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. പണം നൽകിയെന്നതിൽ പൊലീസിന് നൽകിയ മൊഴിയിലും ഹരിദാസ് ഉറച്ചുനിൽക്കുന്നുണ്ട്. പക്ഷെ അഖിൽമാത്യുവിന് തന്നെയാണോ എന്നതിൽ ചില സംശയങ്ങൾ ഹരിദാസനുണ്ട്.
ഏപ്രിൽ 10,11 തിയ്യതികളിൽ സെക്രട്ടരിയേറ്റിലെ സിസിടി വി ദൃശ്യങ്ങൾ കൻറൊൺമെനറ് പൊലീസ് പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഖിൽ സജീവന് ഇടപാടിൽ നിർണ്ണായക പങ്കുണ്ടെന്നുറപ്പാണ്. പക്ഷെ മാധ്യമങ്ങളോട് പല തവണ സംസാരിച്ച അഖിൽ സജീവൻ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam