കോഴിക്കോട്: പന്തീരാങ്കാവിൽ സിപിഎം പ്രവർത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ സിപിഎം പ്രമേയം. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ആണ് പ്രമേയം പാസാക്കിയത്. താഹ ഫസലിനെയും അലനെയും അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയെന്ന് ആണ് പ്രമേയം കുറ്റപ്പെടുത്തി.

പന്തീരാങ്കാവിൽ നടന്നത് യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമക്കത്തക്ക കുറ്റമല്ല.  പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി ദാസൻ, സി.പി മുസഫർ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.  ഭരിക്കുന്ന പാർട്ടിയുടെ ഘടകം തന്നെ പൊലീസിനെതിരെ പ്രമേയം പാസാക്കുന്നത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും എന്നുറപ്പാണ്. 

Read More: വല്ല്യമ്മക്ക് ഉറക്കം വരുന്നില്ല; അലന്‍റെ അറസ്റ്റില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി സജിത മഠത്തില്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. കേസിന്‍റെ തുടക്കം തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ പ്രമേയം പാസാക്കിയതിലൂടെ പൊലീസിനെതിരായ പ്രതിഷേധം വീണ്ടും സിപിഎം കടുപ്പിച്ചു.

Read More: യുഎപിഎ കേസ് പൊലീസിന്‍റെ നാടകം: ആരോപണം മുറുക്കി പ്രതികളായ യുവാക്കളുടെ ബന്ധുക്കൾ

മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വച്ചതിന് പിടിയിലായ യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പ്രതികരിച്ചിരുന്നു. ലഘുലേഖകളുമായി പിടിയിലായ സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായ സാ​ഹചര്യത്തിൽ  കേസെടുത്ത പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് ഡിജിപിയുടെ നിർദേശപ്രകാരം ഐജി നേരിട്ട് എത്തിയ ശേഷമായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ ഇന്നലെ രാത്രിയിലാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പൊലീസ് നടപടിക്കെതിരായ പ്രമേയം പാസാക്കിയത്.

Read More: 'എന്നെ ക‌ഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി': അറസ്റ്റിനു മുൻപുള്ള താഹയുടെ ദൃശ്യങ്ങൾ