അലന്‍ ഷുഹൈബിന് എല്‍എല്‍ബി സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി

By Web TeamFirst Published Feb 17, 2020, 7:26 PM IST
Highlights

ഹാജർ നില കൂടി പരിശോധിച്ചാകും അന്തിമ ഫലം പ്രഖ്യാപിക്കുകയെന്ന് സ‍ർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. .

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതിയായ അലൻ ഷുഹൈബിന് പരീക്ഷ എഴുതാൻ കണ്ണൂ‍ സർ‍വകലാശാലയുടെ അനുമതി. ഇക്കാര്യത്തിൽ 48 മണിക്കൂറിനുളളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നാളെ നടക്കുന്ന എൽ എൽ ബി സെമസ്റ്റർ പരീക്ഷ അലന് എഴുതാൻ കഴിയും. എന്നാൽ ഹാജർ നില കൂടി പരിശോധിച്ചാകും ഫലം പ്രഖ്യാപിക്കുകയെന്ന് സ‍ർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. .

അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാനാകുമോ എന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. റിമാന്‍റ് പ്രതിയായ അലൻ ഷുഹൈബിന് പരീക്ഷ എഴുതാനുള്ള അവകാശം ഉണ്ടെന്നും അതിനായുള്ള നടപടിക്രമങ്ങൾ പൂര്‍ത്തിയായതാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പറയേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

അലന് പരീക്ഷ എഴുതാനാകുമെന്ന് സര്‍വകലാശാല അറിയിച്ചാൽ അതിന് സൗകര്യവും ക്രമീകരണവും ഒരുക്കാൻ എൻഐഎ തയ്യാറാകണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അലൻ ഷുബൈഹ് നൽകിയ ഹര്‍ജിയിലാണ് തീരുമാനം. 

ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം' എന്നാണ് അലന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍. 

click me!