
ആലപ്പുഴ: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ രാജി . ജില്ലാ കോൺഗ്രസ് എക്സിക്യുട്ടീവ് അംഗം എച്ച് നജീം ആണ് പ്രാഥമിക അംഗത്വം രാജി വെച്ചത്. നവ മാധ്യമത്തിലൂടെ ആയിരുന്നു നജീബ് രാജി തീരുമാനം അറിയിച്ചത്.ആലപ്പുഴയിൽ ഡിസിസിയോ മറ്റ് പ്രാദേശിക കമ്മറ്റികളോ പ്രവർത്തിക്കുന്നതായി തോന്നിയിട്ടില്ലെന്നും ഇതിനാലാണ് ഫേസ്‌ബുക്കിലൂടെ രാജി അറിയിക്കുന്നതെന്നും നജീം വ്യക്തമാക്കി.
കെ.സുധാകരന്റെ ആർഎസ്എസ് പരാമർശം നാളത്തെ ലീഗ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്തു പ്രതികരിച്ചു. കെ സുധാകരന്റെ പരാമർശങ്ങൾ യുഡിഎഫിന് വലിയ കേടുപാടുകൾ ഉണ്ടാക്കിയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാം. പ്രതിഷേധം ഉന്നയിക്കേണ്ട വേദികളിൽ അറിയിക്കും. മുന്നണി മാറ്റം ഇപ്പോൾ ആലോചിക്കുന്നില്ലെന്നും സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. കോൺഗ്രസിന് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ അത് നൽകാൻ ബിജെപി തയ്യാറാണ്. ഇനി കോൺഗ്രസ് എത്ര കാലമെന്ന അരക്ഷിതാവസ്ഥയാണ് നേതാക്കളിൽ പ്രകടമാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റെ കെ സുധാകരൻ വിശദീകരണം നൽകി ഖേദം പ്രകടിപ്പിച്ചതോടെ ആർഎസ്എസ് അധ്യായം അടഞ്ഞെന്ന് കെസി വേണുഗോപാൽ. ഘടകകക്ഷികളുടെ ആശയക്കുഴപ്പം സ്വാഭാവികം. ആശങ്കക്ക് അടിസ്ഥാനമില്ല. പ്രശ്നം രമ്യമായി പരിഹരിക്കും. വാജ്പേയിക്കൊപ്പം അത്താഴ വിരുന്നുണ്ട ഇ എം എസിൻ്റെ പാർട്ടിയാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam