
ആലപ്പുഴ: കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) പദ്ധതിയോട് യോജിപ്പ് ഇല്ലെന്ന് പരസ്യമായി തുറന്നു പറഞ്ഞ് സിപിഎം (CPM) പ്രാദേശിക നേതാവ്. ആലപ്പുഴ വെണ്മണി (Alappuzha Venmani) പഞ്ചായത്തിൽ സിൽവർ ലൈൻ അനുകൂല പ്രചരണത്തിന് പാർട്ടി പ്രവർത്തകർ വീട് കയറുമ്പോൾ ജനങ്ങളുടെ പ്രതിഷേധം ഉയർന്നു. ഇതിനിടെയാണ് വെണ്മണി കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം കെ.എസ്. ഗോപിനാഥിൻ്റെ (K S Gopinath) തുറന്നുപറച്ചിൽ.
കെ റെയിൽ ഇതുവഴി കടന്നുപോകുന്നതിനോട് യോജിപ്പില്ല. നിങ്ങളുടെ വീടും വസ്തുവും പോകുന്നതിനോടും യോജിപ്പില്ല എന്നും കെ.എസ്. ഗോപിനാഥ് ജനങ്ങളോട് പറഞ്ഞു. ഈ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്.
അതിനിടെ, കെ റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിൻറെ സുരക്ഷ കൂടുതൽ ശക്തമാക്കി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനറെ ചുറ്റുപാടുകൾ മുഴുവൻ പൊലീസ് പിക്കറ്റിംഗ് തുടങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തിൽ കയറി യുവമോർച്ചാ പ്രവർത്തകർ കല്ലിട്ടതോടെയാണ് സുരക്ഷ കടുപ്പിച്ചത്. പൊലീസിൻറെ കണ്ണുവെട്ടിച്ച് യുവമോർച്ച പ്രവർത്തകർ ക്ലിഫ് കോമ്പൗണ്ടിൽ കടന്നത് വലിയ വീഴ്ചയായിരുന്നു . ക്ലിഫ് ഹൗസിലെ പ്രധാന കവാടത്തിൽ മാത്രമായിരുന്നു പൊലീസ് ശ്രദ്ധിച്ചിരുന്നത്. എന്നാൽ ക്ലിഫ് കോമ്പൗണ്ടിൻെറ പിന്നിലൂടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയാണ് സമരക്കാർ പ്രവേശിച്ചത്. ഇതോടെ സുരക്ഷ ഓഡിറ്റ് നടത്തി. ഇതേ തുടർന്നാണ് ദേവസ്വം ബോർഡ് ജംഗ്ഷൻ, വൈഎംആർ റോഡ്, ബേസ് കോമ്പൗണ്ട്, ഇടറോഡുകള്‍ എന്നിവടങ്ങളിൽ പൊലീസ് പിക്കറ്റ് തുടങ്ങിയത്. ബൈക്കിലും ജീപ്പിലും 24 മണിക്കൂർ പട്രോളിംഗും തുടങ്ങി. ക്ലിഫ് ഹൗസിൻെറ പിൻഭാഗം പൂർണമായും മറച്ചു. എല്ലായിടത്തും സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ക്ലിഫ് ഹൗസിൽ സുരക്ഷക്ക് മതിയായ പൊലീസുള്ളതിനാൽ കൂടുതൽ സേനാഗംങ്ങളെ നിയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനം. ക്ലിഫ് ഹൗസിൻെറ സുരക്ഷയ്ക്കായി മാത്രം ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കും. സ്റ്റേറ്റ് ഇൻഡ്രസിട്രിൽ സെക്യൂരിറ്റി ഫോഴ്സിന് സുരക്ഷ ചുമതല കൈമാറാനുള്ള ചർച്ചയും സജീവമാണ്.
കെ റെയിൽ പ്രതിഷേധങ്ങളിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ പറഞ്ഞിരുന്നു. ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാകും. ക്രമസമാധാനം തകർന്നാൽ ജനങ്ങളുടെ വിശ്വാസം നഷ്ടമാകും. എന്നാൽ സർക്കാർ ഭരണ കാര്യങ്ങളിൽ ഇടപെടലിനില്ലെന്നും സർക്കാരിനുള്ള നിർദ്ദേശം മാധ്യമങ്ങളിലൂടെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam