തന്നെ ആരെങ്കിലും ആക്രമിച്ചാൽ ഉത്തരവാദി സിപിഎം ജില്ലാ സെക്രട്ടറി; അമ്പലപ്പുഴയിൽ സുധാകരനും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷം

Published : Jul 12, 2026, 12:43 PM IST
sudhakaran, r nasar

Synopsis

അമ്പലപ്പുഴയിൽ ജി സുധാകരനും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പരസ്പരം മുന്നറിയിപ്പുകളും ആരോപണങ്ങളുമായി ഇരുവരും രംഗത്തെത്തിയതോടെ ആലപ്പുഴയിലെ പാർട്ടി രാഷ്ട്രീയം കലങ്ങിമറിയുകയാണ്. 

ആലപ്പുഴ: അമ്പലപ്പുഴയിൽ സിപിഎമ്മും ജി സുധാകരൻ എംഎൽഎയും തമ്മിൽ തർക്കം രൂക്ഷമാവുന്നു. സുധാകരനെതിരെ രൂക്ഷവിമർശനമുയർത്തിയ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറിന് മറുപടിയുമായി ജി.സുധാകരൻ രം​ഗത്തെത്തി. സിപിഎം ജില്ലാ സെക്രട്ടറി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട നേതാവാണെന്നും ജനപിന്തുണ തിരിച്ചു കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ കായികമായ ശക്തിയോ ഇല്ലാത്തയാളാണ് ജില്ലാ സെക്രട്ടറിയെന്നും സുധാകരൻ പറഞ്ഞു.

തന്നെ കൈകാര്യം ചെയ്തോളൂ. ജനങ്ങൾ സിപിഎമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞു. ഇനി തന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിൻറെ ഉത്തരവാദി സിപിഎം ജില്ലാ സെക്രട്ടറിയാണെന്നും ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ജി സുധാകരൻ പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്ന താക്കീതുമായി ജില്ലാ സെക്രട്ടറി രം​ഗത്തെത്തി. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും ജി സുധാകരന് സിപിഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകി. എന്നാല്‍, സുധാകരനെതിരായ സിപിഎം നീക്കം സിപിഎം പ്രവർത്തകർ പോലും അംഗീകരിക്കില്ലെന്ന് കെസി വേണുഗോപാൽ എംപി മറുപടി പറഞ്ഞു. അതിനിടെ പൊതിച്ചോറുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ സുധാകരൻ മലക്കം മറിഞ്ഞു.

നീർക്കുന്നം സ്‌കൂളിൽ കഴിഞ്ഞ ദിവസമുണ്ടായ തുറന്ന പോരിൻ്റെ തുടർച്ചയിലായിരുന്നു സുധാകരന്റെ ഓഫീസിലേക്കുള്ള സിപിഎം പ്രതിഷേധം. ഔദ്യോഗിക വേദികൾ പോലും പാർട്ടിയെയും പാർട്ടി നേതാക്കളെയും അപമാനിക്കാൻ സുധാകരൻ ഉപയോഗിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സുധാകരനോടുള്ള അവധാനതയോടെയുള്ള പ്രതികരണം ദൗർബല്യമായി കാണരുതെന്നും സിപിഎം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, സുധാകരനെ തെരുവിൽ വിചാരണ ചെയ്യാനുള്ള സിപിഎം നീക്കം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന് പിന്തുണയുമായി കെസി വേണുഗോപാൽ എംപി അടക്കം കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.

ഇതിനിടയിലാണ് മെഡിക്കൽ കോളേജിൽ വിവിധ സംഘടനകളുടെ പൊതിച്ചോറ് വിതരണം നിർത്തിവയ്ക്കണമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവന സുധാകരൻ തിരുത്തിയത്. പൊതിച്ചോറ് വിതരണം നിർത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും മെഡിക്കൽ കോളേജിനുള്ളിൽ വെച്ച് പാചകം ചെയ്യുന്നതിന് പകരം പുറത്ത് പാചകം ചെയ്ത് എത്തിക്കണം എന്നാണ് താൻ പറഞ്ഞതെന്നും സുധാകരൻ വിശദീകരിച്ചു. ഓരോ സംഘടനയുടെയും ബാനറിൽ ഭക്ഷണം വിതരണം നടത്തി ആശുപത്രി പരിസരം മത്സരവേദി ആക്കരുത് എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരൻ ന്യായീകരിക്കുന്നു. ചോദ്യം ചോദിച്ച സിപിഎം പാർട്ടി ചാനൽ കൈരളി ലേഖകനെ സുധാകരൻ വർഗീയവാദിയെന്ന് വിളിച്ചതും വിവാദമായിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം; 'ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത്, എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറണം'
മാറ്റത്തിനില്ല! എംവി ഗോവിന്ദനും പിണറായിയും തുടരും; 'നേതൃമാറ്റം ആലോചനയിൽ പോലും ഇല്ല', വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മറ്റി