
ആലപ്പുഴ: പുറക്കാട് കടല്‍ ഉള്‍വലിഞ്ഞ തീരം സാധാരണനിലയിലേക്ക് മടങ്ങുന്നു. സംഭവത്തില്‍ ഭയമോ ആശങ്കയോ വേണ്ട, ഇത് സ്വാഭാവിക പ്രതിഭാസമാണെന്ന് വിലയിരുത്തുകയാണ് വിദഗ്ധര്‍. ചാകരയ്ക്ക് മുമ്പായി സംഭവിക്കുന്നൊരു പ്രതിഭാസമാണിതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിനാല്‍ തന്നെ ചാകര വരുമോ എന്ന കാത്തിരിപ്പും തീരത്തുണ്ട്. തീരത്തുള്ളവരും ആശങ്കയൊഴിഞ്ഞ മട്ടിലാണ്.
അമ്പലപ്പുഴ പുന്തല മുതൽ വടക്ക് പഴയങ്ങാടി വരെയാണ് ചൊവ്വാഴ്ച കടൽ ഉൾവലിഞ്ഞത്. ഇത് വലിയ രീതിയില്‍ ആശങ്ക സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ തന്നെ തീരം പഴയനിലയിലേക്ക് മടങ്ങി.
എങ്കിലും ചെളി അധികമായി അടിഞ്ഞതിനാല്‍ വള്ളങ്ങള്‍ക്ക് അടുക്കാൻ കഴിയാത്ത അവസ്ഥയാണിവിടെ ഉള്ളത്. തിരമാലയിലും ചെളിയാണ് അടിച്ചുവരുന്നത്. പ്രയാസങ്ങളുണ്ടെങ്കിലും ചാകര തെളിഞ്ഞ് കൂടുതൽ മത്സ്യസമ്പത്ത് പ്രദേശത്ത് എത്തുമെന്ന് പ്രതീക്ഷിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.
അതേസമയം പുറക്കാട് സമീപപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകുന്നത് തീരദേശത്ത് താമസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്. കടൽ ഉൾവലിഞ്ഞ് ചെളി രൂപപ്പെട്ട സമീപ പ്രദേശങ്ങളിൽ രാവിലെ മുതൽ കടൽ ക്ഷോഭം ശക്തമായിട്ടുണ്ട്. നിലവിലുള്ള കടൽഭിത്തിക്ക് മുകളിലൂടെയാണ് തിരമാല ആഞ്ഞടിക്കുന്നത്.
Also Read:- ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam