'നിയമനത്തിന് ഒഴിവ് സൃഷ്‍ടിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ കള്ളക്കള്ളി'; പണം വാങ്ങി അവധിയില്‍ പോയെന്ന് ആരോപണം

By Web TeamFirst Published Feb 2, 2020, 9:21 AM IST
Highlights

സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. എക്സൈസ് ഇൻസ്പെക്ടർ നിയമനത്തിനായി നിലവിലുള്ള റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഈ മാസം 21 ന് തീരാനിരിയ്ക്കേയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻ തട്ടിപ്പ്. 
 

തിരുവനന്തപുരം: എക്സൈസ് ഇൻസ്പെക്ടർ നിയമനത്തിന് ഒഴിവ് ഉണ്ടാക്കാൻ ഉദ്യോഗസ്ഥർ പണം വാങ്ങി ദീർഘകാല അവധിയെടുത്തതായി പരാതി. ആറു മാസത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ അവധിയെടുത്താൽ പുതിയ നിയമനം നടത്താമെന്ന ചട്ടം മറയാക്കിയാണ് പാലക്കാട്ടെ രണ്ട് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ പണം വാങ്ങിയെന്ന ആരോപണം ഉയരുന്നത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. എക്സൈസ് ഇൻസ്പെക്ടർ നിയമനത്തിനായി നിലവിലുള്ള റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഈ മാസം 21 ന് തീരാനിരിയ്‍ക്കേയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻ തട്ടിപ്പ്. 

ആറുമാസത്തിൽ കൂടുതൽ ഒരു ഉദ്യോഗസ്ഥൻ അവധിയിലാണെങ്കിൽ അത് ഒഴിവായി കണ്ട് പിഎസ്‍സിയ്ക്ക് പുതിയ നിയമനം നടത്താം. ഇത് മുതലെടുത്ത് പാലക്കാട്ടെ രണ്ടു എക്സൈസ് ഇൻസ്പെക്ടർമാർ ദീർഘകാല അവധിക്ക് അപേക്ഷിച്ചതാണ് പുതിയ വിവാദം. വാളയാർ ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി രജനീഷ്, ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂർ ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ബാലസുബ്രഹ്മണ്യൻ എന്നിവരാണ് ദീർഘകാല അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇതിനായി പട്ടികയിൽ മുൻഗണനാക്രമത്തിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഇവർ 15 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. വിവാദമായതോടെ എക്സൈസ് വകുപ്പ് തല അന്വേഷണം തുടങ്ങി. 

എന്നാൽ പണം വാങ്ങി അവധിയെടുത്തുവെന്ന ആരോപണം ശരിയല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ അത്യാവശ്യങ്ങൾക്കും ചികിത്സ ആവശ്യത്തിനും വേണ്ടിയാണ് അവധി അപേക്ഷിച്ചതെന്നാണ് ഇവരുടെ വിശദീകരണം. മറ്റെന്തെങ്കിലും താല്‍പ്പര്യങ്ങളാകാം ആരോപണങ്ങൾക്ക് പുറകിലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ എക്സൈസ് അസോസിയേഷനിലെ ഉന്നതർക്കും മന്ത്രിയുടെ ഓഫീസിലെ ചിലർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ ഉദ്യോഗസ്ഥരെക്കൊണ്ട് അവധിയെടുപ്പിച്ച് കൃത്രിമ ഒഴിവുകൾ സൃഷ്ടിയ്ക്കുന്നത് സർക്കാരിന് സാമ്പത്തിക ബാധ്യതയുമുണ്ടാക്കും. 

click me!