
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത മറനീക്കി പുറത്തുവന്നതിൽ പ്രതികരണവുമായി മന്ത്രി എ പി അനിൽ കുമാർ. കെ സി വേണുഗോപാൽ പങ്കെടുത്ത പരിപാടിയെക്കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങളാണ് വരുന്നതെന്നാണ് മന്ത്രിയുടെ പക്ഷം. കെ സി വേണുഗോപാൽ വേദിയിൽ ഉള്ളതുകൊണ്ട് അദ്ദേഹത്തെ എം എൽ എമാർ പുകഴ്ത്തിയത് സ്വാഭാവികമാണ്. അല്ലാതെ മുഖ്യമന്ത്രിക്കെതിരായ വിഭാഗിയതയല്ല സ്വീകരണ യോഗത്തിൽ സംഭവിച്ചതെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തന മികവിനെക്കുറിച്ച് കെ സി പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ തെറ്റായ രീതിയിലാണ് വാർത്തകൾ വരുന്നതെന്നും അനിൽ കുമാർ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലെ മുഴുവൻ സീറ്റുകളിലും നേടിയ ചരിത്ര വിജയത്തിന്‍റെ പേരിലായിരുന്നു കോൺഗ്രസ് എം എൽ എമാർക്ക് സ്വീകരണം ഒരുക്കിയത്. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രചാരണ ബോർഡുകളിൽ നിന്നടക്കം മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതിനൊപ്പം തന്നെ 3 എം എൽ എമാരടക്കമുള്ള പ്രധാന നേതാക്കൾ പ്രസംഗത്തിലും മുഖ്യമന്ത്രിയുടെ പേര് പോലും പരാമർശിച്ചില്ല.
തിരഞ്ഞെടുപ്പ് വിജയത്തിൽ വി ഡി സതീശന്റെ പങ്ക് പരാമർശിക്കാതെ കെ സി വേണുഗോപാലിനെ മാത്രം പുകഴ്ത്താനാണ് 3 എം എൽ എ മാരും ശ്രമിച്ചത്. വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത്, എ പി അനിൽകുമാർ എന്നീ എം എൽ എമാരാണ് ഇത്തരത്തിൽ പ്രസംഗിച്ചത്. കെ സി വേണുഗോപാൽ തന്നെ പ്രത്യേകമായി പിന്തുണച്ച നേതാവാണെന്ന് വി എസ് ജോയ് പറഞ്ഞപ്പോൾ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം തന്നത് കെ സി ആണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം. അതേസമയം വി ഡി സതീശൻ പക്ഷത്തുള്ള പൊന്നാനി എം എൽ എ കെ പി നൗഷാദ് അലിയാകട്ടെ കെ സി വേണുഗോപാലിനെ കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചതുമില്ല. വി ഡി സതീശൻ സർക്കാരിന് കരുത്ത് പകരണമെന്നായിരുന്നു നൗഷാദ് അലിയുടെ പ്രസംഗത്തിലെ പ്രധാന വിഷയം. വി ഡി സതീശൻ, കെ സി വേണുഗോപാൽ ചേരികൾ തമ്മിലുള്ള പോര് ചടങ്ങിൽ പ്രകടമായത് കോൺഗ്രസിനുള്ളിൽ വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam