
തിരുവനന്തപുരം: പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ പത്ത് വർഷം പൂർത്തിയാക്കുമ്പോൾ ഇക്കാലയളവിൽ നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തിക്കൊണ്ട് വന്നത്. ഭരണനിർവ്വഹണം, വൻകിട പദ്ധതികൾ, ഉന്നത രാഷ്ട്രീയ നേതാക്കൾ എന്നിവരെ കേന്ദ്രീകരിച്ചുള്ള നിരവധി ആരോപണങ്ങൾ പ്രതിപക്ഷം ഉയര്‍ത്തി. ഇതിൽ പലതിലും നിയമനടപടികളുമായി പ്രതിപക്ഷം മുന്നോട്ട് പോയെങ്കിലും തെളിയിക്കുന്നതിൽ വിജയിക്കാനായില്ല. പക്ഷേ കേരളത്തിന്‍റെ രാഷ്ട്രീയ ഭൂപടത്തിൽ ഈ വിവാദങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.
ഇതിൽ രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ടത് സിഎംആർഎൽ കമ്പനിയും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ ഐടി കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ്. വ്യക്തമായ സേവനങ്ങൾ നൽകാതെ തന്നെ വീണ വിജയന്‍റെ കമ്പനിക്ക് പണം നൽകിയെന്ന ആദായനികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ വലിയ വിവാദത്തിന് കാരണമായി. കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റ് ഉയർത്തിക്കാട്ടി പ്രതിപക്ഷം ഈ വിഷയം സജീവമായി നിലനിർത്താൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു. കോടതിയിൽ ഇതുവരെ അന്തിമ വിധി വന്നിട്ടില്ല. ഇതിനിടെ സിഎംആര്‍എൽ -എക്സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളുന്ന അവസ്ഥയുണ്ടായി.
യുഎഇ കോൺസുലേറ്റിന്‍റെ നയതന്ത്ര പാഴ്സൽ വഴി സ്വർണ്ണം കടത്തിയ കേസ് ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സർക്കാർ ഓഫീസുകളുമായുണ്ടായിരുന്ന ബന്ധം ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയെങ്കിലും, ഉന്നതതലത്തിലുള്ള നേരിട്ടുള്ള പങ്കാളിത്തം ഇതുവരെ തെളിയിക്കാൻ കഴിയുകയോ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിക്കാനോ കഴിഞ്ഞില്ല.
സർക്കാരിന്‍റെ അഭിമാന പദ്ധതികളായ ലൈഫ് മിഷൻ, കെ ഫോൺ, സേഫ് കേരള എഐ ക്യാമറ പദ്ധതി എന്നിവയിലും പ്രതിപക്ഷം അഴിമതി ആരോപണങ്ങൾ ഉയര്‍ത്തി. ലൈഫ് മിഷനിലെ വിദേശ ഫണ്ട് ചട്ടലംഘനങ്ങളും, എഐ ക്യാമറ, കെ-ഫോൺ പദ്ധതികളിലെ ടെൻഡർ നടപടികളിലെ സുതാര്യതക്കുറവും ഓഡിറ്റ് റിപ്പോർട്ടുകളുമാണ് പ്രതിപക്ഷം ആയുധമാക്കാൻ ശ്രമിച്ചത്. എന്നാല്‍, രമേശ് ചെന്നിത്തലയും വി ഡി സതീശനും കോടതിയിൽ നിന്ന് ഈ കേസുകളിൽ തിരിച്ചടികളാണ് ഉണ്ടായത്. മുൻ മന്ത്രി കെ ടി ജലീൽ, മുതിർന്ന നേതാവ് ഇ പി ജയരാജൻ തുടങ്ങിയവർക്കെതിരെയും പ്രതിപക്ഷം ആരോപണങ്ങൾ ഉയര്‍ത്തി. വർഷങ്ങൾ പഴക്കമുള്ള എസ് എൻ സി ലാവലിൻ കേസ് ഇപ്പോഴും സജീവ ചർച്ചയാക്കാൻ പ്രതിപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam