അമ്പൂരി കൊലപാതകം: കൊല്ലപ്പെട്ട രാഖിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

By Web TeamFirst Published Aug 2, 2019, 5:25 PM IST
Highlights

കേസിലെ രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈൽ മൂന്ന് ഭാ​ഗങ്ങളായി പൊട്ടിച്ച് വിവിധഭാ​ഗങ്ങളിൽ ഉപേക്ഷിച്ചത്. 

തിരുവനന്തപുരം: അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. കേസിലെ പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും വീടിനടുത്തുള്ള അമ്പൂരി വാഴച്ചാലിൽ നിന്നാണ് പല ഭാ​ഗങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ മൊബൈൽ ലഭിച്ചത്. കേസിലെ രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈൽ മൂന്ന് ഭാ​ഗങ്ങളായി പൊട്ടിച്ച് വിവിധഭാ​ഗങ്ങളിൽ ഉപേക്ഷിച്ചത്.

രാഖിയുടെ വസ്ത്രങ്ങളും സമീപപ്രദേശത്ത് ഉപേക്ഷിച്ചതായി പ്രതികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിനായുള്ള തിരച്ചിലിലാണ് പൊലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച പിക്കാസും മൺവെട്ടിയും കണ്ടെടുത്തിരുന്നു.

കേസിലെ ഒന്നാം പ്രതി അഖിലിന്‍റെ വീട്ടിൽ നിന്നാണ് തൊണ്ടിമുതലുകൾ കണ്ടെടുത്തത്. അഖിലും രാഹുലും കൂടാതെ കേസിലെ മൂന്നാമത്തെ പ്രതിയായ ആദർശും ചേർന്നാണ് തൊണ്ടിമുതലുകൾ പൊലീസിന് കാണിച്ച് കൊടുത്തത്. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ അഖിലിന്‍റെ വീട്ടിന് സമീപമുള്ള പറമ്പില്‍ നിന്ന് വലിച്ചെറി‍ഞ്ഞ നിലയിൽ രാഖിയുടെ ചെരുപ്പും പൊലീസ് കണ്ടെത്തിയിരുന്നു.

വായിക്കാം: അമ്പൂരി കൊലപാതകം: തൊണ്ടിമുതലുകൾ കണ്ടെടുത്തു; പൊലീസിന് 'ജയ്' വിളിച്ച് നാട്ടുകാർ

ജൂലൈ 26-നാണ് രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരുമാസമായി മകളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാഖിയുടെ മൃ‍തദേഹം പൊലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ രാഖിയുടെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.

ഇവരെ സഹായിക്കാനും തെളിവ് നശിപ്പിക്കാനും കൂടെനിന്ന അയൽവാസി ആദർശിനെയാണ് കേസിൽ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനോയും അഖിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിൽ അഖിലിന്റെ കുടുംബത്തിന്റെ പങ്കും പൊലീസ് അന്വേഷിച്ച് വരുകയാണ്. 

click me!