
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ജാഗ്രത വേണമെന്നും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കേസുകൾ തിരിച്ചറിയപ്പെടുന്നുണ്ട്. ഇതിലൂടെ കൃത്യമായ ചികിത്സ നൽകി രോഗം മാറ്റി കൊണ്ടുവരാനും സാധിക്കുന്നു. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമില്ലെന്നും ഉറവിടം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും വീണ ജോർജ്ജ് പറഞ്ഞു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 29 വയസുകാരനാണ് രോഗബാധ. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. രണ്ട് മാസം മുൻപ് യുവാവ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്.