സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം, ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; രോഗബാധയുടെ ഉറവിടം വ്യക്തമായില്ല

Published : Oct 29, 2025, 08:31 PM IST
 amoebic encephalitis

Synopsis

തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മയാണ് ഇന്ന് വൈകിട്ടോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 77 വയസായിരുന്നു. ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മയാണ് ഇന്ന് വൈകിട്ടോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 77 വയസായിരുന്നു. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോഡിയം കുറഞ്ഞതിന് തുടർന്നായിരുന്നു ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പ് നടത്തിയ രക്ത പരിശോധനയിലാണ് അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.

സംസ്ഥാനത്ത് ഈ മാസം ഇതുവരെ 10 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്. 61 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാൻ പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

എന്താണ് അമീബിക് മസ്തിഷ്കജ്വരം?

തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല.

ലക്ഷണങ്ങൾ

പനി, തീവ്രമായ തലവേദന, ഛർദ്ദി, ഓക്കാനം, കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പൊതുവേ കാണുന്ന ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാതിലടച്ച് കോൺഗ്രസ്; ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫിൽ അംഗമാക്കില്ലെന്ന് പ്രഖ്യാപനം; വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ
'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'