'വിജിലൻസ് സംരക്ഷിക്കേണ്ടത് സർക്കാർ താൽപര്യം, കെഎസ്എഫ്ഇ റെയ്ഡ് പാർട്ടി ചർച്ച ചെയ്യും': ആനത്തലവട്ടം

By Web TeamFirst Published Nov 29, 2020, 11:15 AM IST
Highlights

കെഎസ്എഫ്ഇ റെയിഡിന് പിന്നിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാകാമെന്ന് സംശയിക്കുന്നതായി ആനത്തലവട്ടം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തിരുവനന്തപുരം: കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പിൽ വൻ ക്രമക്കേടെന്ന വിജിലൻസ് ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. കെഎസ്എഫ്ഇ റെയ്ഡിന് പിന്നിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാകാമെന്ന് സംശയിക്കുന്നതായി ആനത്തലവട്ടം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കെഎസ്എഫ്ഇ വിശ്വാസ്യതയും സൽപ്പേരുമുള്ള സ്ഥാപനമാണ്. അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ ഔദ്യോഗിക മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ്. ആരാണ് പരാതിക്കാരെന്ന് വിജിലൻസ് വ്യക്തമാക്കണം. സർക്കാർ താൽപര്യമാണ് വിജിലൻസ് സംരക്ഷിക്കേണ്ടത്. വിജിലൻസ് റെയ്ഡ് വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും ആനത്തലവട്ടം പ്രതികരിച്ചു. നേരത്തെ വിജിിലൻസിനെ തള്ളി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. 

'കെഎസ്എഫ്ഇ റെയ്ഡ് വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി നൽകണം': ചെന്നിത്തല

അതേ സമയം വിവാദങ്ങൾക്കും ധനമന്ത്രി അടക്കമുള്ളവരുടെ എതിര്‍പ്പുകൾക്കും ഇടയിലും കെഎസ്എഫ്ഇയിലെ പരിശോധന നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് വിജിലൻസ് നിലപാട്. ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് സര്‍ക്കാരിന് നൽകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ അറിയിക്കുന്നത്. റെയ്ഡ് അടക്കം നടപടി തുടരും. ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും വിജിലൻസ് അറിയിക്കുന്നു. 

click me!