ബിജെപി ജില്ലാ അധ്യക്ഷനൊപ്പം സമരത്തിൽ പങ്കെടുത്തത് എന്തിന്? സിപിഎം ജില്ലാ സെക്രട്ടറിയുടെ മറുപടി!

By Web TeamFirst Published Dec 4, 2022, 4:45 PM IST
Highlights

വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ ലോംഗ് മാര്‍ച്ചിലാണ് നവംബർ മാസം ഒന്നാം തിയതി ഇരുവരും ഒന്നിച്ച് പങ്കെടുത്തത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിനെതിരെ പ്രതിഷേധ മാർച്ച് നടത്തിയപ്പോൾ സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി ജെ പി ജില്ലാ അധ്യക്ഷൻ വി വി രാജേഷും ഒന്നിച്ച് പങ്കെടുത്തത് നേരത്തെ വലിയ വാർത്തയായിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ ലോംഗ് മാര്‍ച്ചിലാണ് നവംബർ മാസം ഒന്നാം തിയതി ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. ഇക്കാര്യത്തിലാണ് ഒടുവിൽ ആനാവൂർ നാഗപ്പൻ വിശദീകരണം നൽകിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടയിൽ ഇക്കാര്യം ചോദ്യമായപ്പോളാണ് ആനാവൂർ മറുപടി നൽകിയത്. തുറമുഖം വരണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്നത് ബി ജെ പി അല്ലെന്നും പ്രാദേശിക കൂട്ടായ്‌മ ആണ് ആ സമരം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. പ്രാദേശിക കൂട്ടായ്മയുടെ സമരമായതിനാലാണ് ബി ജെ പി അധ്യക്ഷനുണ്ടായിട്ടും പരിപാടിയിൽ പങ്കെടുത്തതെന്നും ആനാവൂ‍ർ വിവരിച്ചു.

വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണത്തിന് എല്‍ഡിഎഫ്, 3 ദിവസങ്ങളിലായി ജാഥ, പി രാജീവ് ഉദ്ഘാടനം ചെയ്യും

അതേസമയം വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ വലിയ തോതിൽ പ്രചാരണം നടത്താൻ തീരുമാനിച്ചതായും സി പി എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഇതിനായി എൽ ഡി എഫ് പ്രചരണ ജാഥ നടത്തും. ഈ മാസം 7, 8, 9 തീയതികളിലായാകും എല്‍ഡിഎഫ് പ്രചാരണ ജാഥ നടത്തുക. വർക്കലയിൽ നിന്നാകും പ്രചരണ ജാഥ യാത്ര ആരംഭിക്കുക. മറ്റന്നാൾ വർക്കലയിൽ മന്ത്രി പി രാജീവാകും ജാഥ ഉദ്ഘാടനം ചെയ്യുക. മൂന്ന് ദിവസം ജില്ലയിൽ പ്രചരണം നടത്തിയ ശേഷം 9 ാം തിയതി ജാഥ സമാപിക്കും. 9 ന് സമാപന സമ്മേളനം വിഴിഞ്ഞത്ത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നും ആനാവൂർ അറിയിച്ചു. പ്രചാരണ ജാഥ ആർക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണം എന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായും തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.

വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും, വേദി പങ്കിട്ട് നേതാക്കള്‍

click me!