Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും, വേദി പങ്കിട്ട് നേതാക്കള്‍

വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ പങ്കെടുത്തു.

CPM and BJP join hands against vizhinjam protest
Author
First Published Nov 1, 2022, 3:32 PM IST

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുള്ള പദ്ധതിയെന്ന് വി വി രാജേഷ് പറഞ്ഞു. വിഴിഞ്ഞ സമരത്തിനെതിരായ സമരങ്ങളെ പിന്തുണയ്ക്കുമെന്ന് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. 

വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് പറഞ്ഞ, ആനാവൂർ നാഗപ്പൻ സമരത്തിനെതിരായ സമരങ്ങൾക്ക് സിപിഎം പിന്തുണ നൽകുമെന്നും അറിയിച്ചു. വിഴിഞ്ഞത്ത് കലാപത്തിനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു. സർക്കാരും കോടതിയും ജനങ്ങളും സമരത്തിന് എതിരെയാണ്. ഇതിനാൽ കലാപത്തിന് ശ്രമം നടക്കുകയാണ്, ഇതിനെതിരെ സമാധാനപരമായ സമരം ആയിരിക്കണം നടക്കേണ്ടത്. അത്തരം സമരങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ആനാവൂർ പ്രതികരിച്ചു. 

വലിയ സംഘർഷ സാധ്യതയുണ്ടെന്ന് വി വി രാജേഷും പ്രതികരിച്ചു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം. വിഴിഞ്ഞ സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കുമെന്നും വി വി രാജേഷ് പറഞ്ഞു. സംയമനം പാലിച്ച് കൊണ്ട്, വിഴിഞ്ഞം യാഥാർത്ഥ്യം ആക്കാൻ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തെ തടസങ്ങൾ ഉടനടി നീക്കം ചെയ്യാൻ ഹൈക്കോടതി കർശന നിർദേശം നല്‍കി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. സർക്കാർ സംവിധാനങ്ങളെ മുൾമുനയിൽ നിർത്തി എങ്ങനെ സമരം ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിഴിഞ്ഞം സമരം ബഹുജന പ്രക്ഷോഭമാണെന്നും ആവശ്യങ്ങളിന്മേൽ മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ ചർച്ച നടക്കുന്നുണ്ടെന്നും സമരക്കാർ കോടതിയെ അറിയിച്ചു. തുറമുഖ നിർമ്മാണ പ്രദേശത്തെ വഴി തടയില്ലെന്ന സമരക്കാർ നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios