
തൃശൂർ: ഇഡി റെയ്ഡ് നടത്തിയ എസ്ടി ജ്വല്ലറി ഉടമയും സിപിഐ നേതാവ് സുനിൽ കുമാറും തമ്മിലുള്ള ബന്ധമെന്താണ് കോൺഗ്രസ് നേതാവ് അനിൽ അക്കര. എസ്ടി ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് സിപിഐ, ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നു. ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് അനിൽ അക്കരയുടെ ചോദ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ നിരന്തരം ആരോപണവുമായി അനിൽ അക്കര രംഗത്തുവന്നിരുന്നു. അതിനിടയിലാണ് സുനിൽകുമാറിനെതിരെയുള്ള ആരോപണം ഉയർത്തിയിരിക്കുന്നത്.
തൃശൂർ എംഎൽഎ പി.ബാലചന്ദ്രനും മുൻ മന്ത്രി വിഎസ് സുനിൽ കുമാറും ബിജെപി നേതാവ് അരവിന്ദ് മേനോൻ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ തൃശൂരിലെ നേതാക്കൾ പങ്കെടുത്തതെന്തിനെന്ന് അക്കര ചോദിച്ചു. എന്താണ് സുനിൽ കുമാറുമായുള്ള ബന്ധമെന്നും അക്കര ചോദിക്കുന്നു. അതേസമയം, വിഷയത്തിൽ മറുപടിയുമായി വിഎസ് സുനിൽകുമാർ രംഗത്തെത്തി. എസ് ജ്വല്ലറി ഉടമയുമായി ചേർപ്പ് എംഎൽഎ ആയിരിക്കുമ്പോഴുള്ള പരിചയമാണെന്ന് സുനിൽ കുമാർ പറയുന്നു. പരിചയക്കാരൻ വിളിച്ചത് കൊണ്ടാണ് ഉദ്ഘാടനത്തിന് പോയത്. മറ്റ് ഇടപാടുകൾ ഒന്നുമില്ലെന്നും സുനിൽകുമാർ പറയുന്നു.
സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണം; പൊലീസ് കേസെടുത്തു
അതേസമയം, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീൻ കരുവന്നൂർ സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. ഇന്നും നാളെയും ഹാജരാവാൻ കഴിയില്ലെന്ന് ഇഡിയെ എസി മൊയ്തീൻ അറിയിച്ചു. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് കാരണമായി ഇഡിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇ ഡി ഉടൻ തീരുമാനമെടുക്കും. ഉടൻ തന്നെ എസി മൊയ്തീന് നോട്ടീസ് നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
'നാളെ ഹാജരായാൽ വീട്ടിലേക്കല്ല, സതീശനൊപ്പം ജയിലിലേക്കാണ് പോകുന്നതെന്ന് മൊയ്തീനറിയാം': അനിൽ അക്കര
എ സി മൊയ്‌തീൻ ഇന്നലെ രാത്രി തന്നെ വീട്ടിൽ നിന്ന് പോയെന്ന് ബന്ധുക്കൾ രാവിലെ പറഞ്ഞിരുന്നു. ഇദ്ദേഹം കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടാവില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ന് ഹാജരായാൽ മൊയ്തീനെ ഇഡി വെറുതെ വിടില്ലെന്നും അത് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ ആരോപണം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam