ഇല‍ഞ്ഞിത്തറ മേളം പ്രമാണിയായി അനിയൻ മാരാരെ പ്രഖ്യാപിച്ച് പാറമേക്കാവ് ദേവസ്വം

By Web TeamFirst Published Jan 10, 2023, 9:29 PM IST
Highlights

മുതിർന്ന വാദ്യകലാകാരനായ അനിയൻ മാരാർക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാൻ അവസരം നൽകണമെന്ന പൊതുവികാരത്തിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് മാധ്യമങ്ങളോട്  പറഞ്ഞു.

തൃശ്ശൂർ: ഈ വര്‍ഷത്തെ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടൻ മാരാര്‍ക്ക് പകരം അനിയൻ മാരാര്‍ പ്രമാണിസ്ഥാനം വഹിക്കുമെന്ന്  പാറമേക്കാവ് ദേവസ്വം അറിയിച്ചു. കഴിഞ്ഞ കാൽനൂറ്റാണ്ടായി പാറമേക്കാവിനായി ഇലഞ്ഞിത്തറ മേളത്തിൻ്റെ പ്രമാണി സ്ഥാനം വഹിച്ചിരുന്നത് പെരുവനം കുട്ടൻ മാരാറായിരുന്നു. മുതിർന്ന വാദ്യകലാകാരനായ അനിയൻ മാരാർക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാൻ അവസരം നൽകണമെന്ന ആവശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് മാധ്യമങ്ങളോട്  പറഞ്ഞു.

 78 വയസ്സായ കിഴക്കൂട്ട് അനിയൻ മാരാർക്ക് പ്രമാണി സ്ഥാനത്ത് ഒരവസരം നൽകാൻ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് വിശദമായ ചര്‍ച്ചകൾക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. 1961 മുതൽ കിഴക്കൂട്ട് അനിയൻ മാരാർ പൂരത്തിനുണ്ട്. കലാകാരന്മാർക്ക് മാറി മാറി മേളപ്രമാണിസ്ഥാനം നൽകാനുള്ള ആലോചനയും നടക്കുന്നുണ്ടെന്നും പെരുവനത്തിൻ്റേത് മികച്ച സ്ഥാനമായിരുന്നുവെന്നും ജി.രാജേഷ് പറഞ്ഞു. 

കഴിഞ്ഞ നാൽപ്പത് വര്‍ഷമായി പാറമേക്കാവിൻ്റെ ഇല‍ഞ്ഞിത്തറ മേളത്തിൽ പങ്കാളിയാണ് കിഴക്കൂട്ട് അനിയൻ മാരാര്‍. 2005-ൽ പാറമേക്കാവിൻ്റെ പകൽപ്പൂരത്തിന് അദ്ദേഹം പ്രാമാണ്യം വഹിച്ചിരുന്നു. 2012-ൽ തിരുവമ്പാടിയുടെ പകൽപ്പൂരത്തിനും പ്രമാണിയായി. ആറു പതിറ്റാണ്ടായി ചെണ്ട മേളം ജീവിതമാക്കിയ അനിയൻ മാരാര്‍ എന്ന മേളപ്രേമികളുടെ അനിയേട്ടനുള്ള അപൂര്‍വ്വ ആദരം കൂടിയാണ് വൈകിയെത്തുന്ന ഈ പ്രമാണി സ്ഥാനം. 

തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്‌. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌. വടക്കുംനാഥൻ ക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനടിയിലാണ് ഈ മേളം അരങ്ങേറുക. ഈ ഇലഞ്ഞി മരത്തിൻ്റെ ചുവട്ടിലാണ് പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് ഐതിഹ്യം. കഴിഞ്ഞ മെയിൽ പെരുവനത്തിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തിൽ മുന്നൂറോളം കലാകാരൻമാരാണ് പങ്കെടുത്തത്. 

click me!