അഞ്ജു ഷാജിക്ക് എന്താണ് സംഭവിച്ചത്? നീതി തേടി കുടുംബം, ന്യായം നിരത്തി കോളേജ് അധികൃതർ

By Web TeamFirst Published Jun 9, 2020, 8:16 PM IST
Highlights

അഞ്ജു കോപ്പിയടിച്ചെന്ന ആരോപണം തെളിയിക്കാൻ കോളേജ് അധികൃതരും അവളുടെ നിരപരാധിത്വം തെളിയിക്കാൻ കുടുംബവും പരിശ്രമിക്കുകയാണ്. പരീക്ഷയ്ക്കിടെ വിദ്യാർത്ഥി/വിദ്യാർത്ഥിനി കോപ്പിയടിച്ചെന്ന് കണ്ടെത്തിയാൽ പരീക്ഷാ നടത്തിപ്പ് അധികൃതർ പാലിക്കേണ്ടതായ തുടർനടപടികളൊന്നും ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിന്റെ ഭാ​ഗത്തു നിന്നുണ്ടായിട്ടില്ലെന്ന് ഒരു വിഭാ​ഗം വാദിക്കുമ്പോൾ സിസിടിവി ദൃശ്യവും ഹാൾടിക്കറ്റും സമർപ്പിച്ച് തങ്ങളുടെ വാദം ശരിയെന്ന് തെളിയിക്കാനാണ് കോളേജിന്റെ ശ്രമം. 

"കൊച്ച് ഒരിക്കലും കോപ്പിയടിക്കില്ല. അങ്ങനെയുള്ള കുട്ടിയല്ല. ഹാൾടിക്കറ്റിൽ ആരെങ്കിലും ഉത്തരമെഴുതുമോ? എല്ലാ പരീക്ഷയ്ക്കും മുമ്പ് പരിശോധിക്കുന്നതല്ലേ?" പരീക്ഷാ ഹാളിൽ നിന്ന് കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജു ഷാജിയുടെ പിതാവിന്റെ വാക്കുകളാണിത്. അഞ്ജു കോപ്പിയടിച്ചെന്ന ആരോപണം തെളിയിക്കാൻ കോളേജ് അധികൃതരും അവളുടെ നിരപരാധിത്വം തെളിയിക്കാൻ കുടുംബവും പരിശ്രമിക്കുകയാണ്. പരീക്ഷയ്ക്കിടെ വിദ്യാർത്ഥി/വിദ്യാർത്ഥിനി കോപ്പിയടിച്ചെന്ന് കണ്ടെത്തിയാൽ പരീക്ഷാ നടത്തിപ്പ് അധികൃതർ പാലിക്കേണ്ടതായ തുടർനടപടികളൊന്നും ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിന്റെ ഭാ​ഗത്തു നിന്നുണ്ടായിട്ടില്ലെന്ന് ഒരു വിഭാ​ഗം വാദിക്കുമ്പോൾ സിസിടിവി ദൃശ്യവും ഹാൾടിക്കറ്റും സമർപ്പിച്ച് തങ്ങളുടെ വാദം ശരിയെന്ന് തെളിയിക്കാനാണ് കോളേജിന്റെ ശ്രമം. 

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിൽ ബിരുദവിദ്യാർത്ഥി ആയിരുന്നു പൊടിമറ്റം സ്വദേശിയായ അഞ്ജു ഷാജി. പഠനതക്തിൽ മിടുക്കിയായിരുന്നെന്ന് കുടുംബവും സഹപാഠികളും പറയുന്നു. ആദ്യ രണ്ടു സെമസ്റ്ററിലും പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങിയ കുട്ടിയാണെന്ന് സെന്റ് ആന്റണീസ് കോളേജിലെ അധ്യാപകർ പറയുന്നു. അങ്ങനെയുള്ള അഞ്ജുവിനെയാണ് പരീക്ഷാ ഹാളിൽ നിന്ന് കാണാതായതും മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതും. പഠിക്കുന്നത് പാരലൽ കോളേജിലാതയിനാലാണ് അഞ്ജു പരീക്ഷയെഴുതാൻ പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിലെത്തിയത്. പരീക്ഷ തുടങ്ങി മുക്കാൽ മണിക്കൂറിനു ശേഷമാണ് അഞ്ജുവിനെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയത്. 

Read Also: അഞ്ജുവിനെ അധ്യാപകർ ശാസിക്കുന്നത് കണ്ടതായി വിദ്യാർത്ഥികൾ: കോളേജ് പ്രിൻസിപ്പാളിനെതിരെ കുടുംബം...

ചേർപ്പുങ്കൽ പാലത്തിൽ അഞ്ജുവിന്റെ ബാ​ഗ് കണ്ടതിനെത്തുടർന്നാണ് മീനച്ചിലാറ്റിൽ പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും. പരീക്ഷാഹാളിൽ നിന്ന് പുറത്താക്കി, ഞാൻ പോകുന്നു എന്ന രണ്ടുവരി സന്ദേശവും അഞ്ജു കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന് അയച്ചിരുന്നു. 

പരീക്ഷയ്ക്കിടെ അഞ്ജുവിന്റെ ഹാൾ ടിക്കറ്റിനു പിന്നിൽ അന്നേ ദിവസത്തെ അക്കൗണ്ടൻസി പരീക്ഷയുടെ പാഠഭാ​ഗങ്ങൾ എഴുതിവച്ചിരുന്നു എന്നാണ് ചേർപ്പുങ്കലിലെ കോളേജ് അധികൃതർ പറയുന്നത്. പരീക്ഷാഹാളിലുണ്ടായിരുന്ന അധ്യാപകനാണ് ഇക്കാര്യം കണ്ടെത്തിയത്. പിന്നീട് കോളേജ് പ്രിൻസിപ്പാൾ അവിടെയെത്തുകയും അഞ്ജുവിനെ ശാസിക്കുകയും ചെയ്തു. ഇദ്ദേഹം അഞ്ജവിനോട് തന്നെ വന്നു കാണാൻ ആവശ്യപ്പെട്ടതായും പറയുന്നു. എന്നാൽ, രണ്ടരയോടെ പരീക്ഷാഹാൾ വിട്ടു പോയ അഞ്ജുവിനെ മൂന്ന് ദിവസം കഴിഞ്ഞ് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

Read Also: 'എന്റെ കൊച്ച് കോപ്പിയടിക്കില്ല, അവര് കൊന്നതാണ്'; വിങ്ങിപ്പൊട്ടി അഞ്ജുവിന്റെ അച്ഛൻ...

പരീക്ഷാഹാളിൽ നിന്ന് അഞ്ജു കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകർ അഞ്ജുവിനെ ശകാരിക്കുന്നത് കണ്ടെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. പരീക്ഷാഹാളിലെ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കണ്ട അഞ്ജുവിന്റെ പിതാവ് ഷാജി പറയുന്നത് പ്രിൻസിപ്പാൾ കുട്ടിയെ അമിതമായി ശകാരിച്ചു എന്നാണ്. സംഭവത്തിൽ മഹാത്മാ​ഗാന്ധി സർവ്വകലാശാലയോട് സർക്കാർ വിശദീകരണം ചോദിച്ചു. സർവ്വകലാശാല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 

അതിനിടെ, അഞ്ജു ഷാജിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ഇന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രതിഷേധം. പൂഞ്ഞാർ എംഎൽഎ പി സി ജോർജ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്നിവരെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീട് അഞ്ജുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. 

Read Also: അഞ്ജു ഷാജിയുടെ മൃതദേഹവുമായി നാട്ടുകാരുടേയും ബന്ധുക്കളുടേയും പ്രതിഷേധം...

അഞ്ജു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണം ശരിയാണോ? അങ്ങനെയാണെങ്കിൽ തന്നെ കോളേജ് അധികൃതർ സ്വീകരിച്ച സമീപനം ശരിയാണോ? പരീക്ഷാ ഹാളിൽ നിന്ന് അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടാൽ ആത്മഹത്യ മാത്രമായിരുന്നോ അഞ്ജുവിന് മുന്നിലെ പോംവഴി? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ബാക്കിയാകുന്നത്. 

Read Also: കോപ്പി അടിക്കുന്നത് പലതരം ഉൾപ്രേരണകൾ മൂലമാണ്, ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ ഇടപെടരുത്: ഡോ. സിജെ ജോൺ...

 

click me!