കാഞ്ഞിരപ്പള്ളി: പരീക്ഷ ഹാളിൽ നിന്നും കാണാതായ ശേഷം മരണപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ജു ഷാജിയുടെ മൃതദേഹവുമായി ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രതിഷേധം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം അഞ്ജുവിൻ്റെ വീട്ടിലേക്ക് കൊണ്ടു പോകും വഴിയാണ് സ്ത്രീകളടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. 

ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം പൂഞ്ഞാർ എംഎൽഎ പിസി ജോർജ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്എപി എന്നിവർ എത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അവസാനിച്ചത്. അഞ്ജുവിൻ്റെ മരണത്തെക്കുറിച്ച് പ്രത്യേക സംഘത്തെ വച്ച് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പിസി ജോർജ് അറിയിച്ചു. അഞ്ജുവിൻ്റെ കുടുംബത്തിന് മുഖ്യമന്ത്രിയെ കാണാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അനുനയചർച്ചകൾക്കൊടുവിലാണ് ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം വീട്ടിലെത്തിക്കാൻ സാധിച്ചത്. കാണാതായി മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയതെന്നും അമ്മയെ കാണിച്ച ശേഷം എത്രയും പെട്ടെന്ന് മൃതദേഹം സംസ്കാരിക്കണമെന്നുമുള്ള പൊലീസും നാട്ടുകാരോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു. 

കോട്ടയത്തെ പാരലൽ കോളേജ് വിദ്യാർത്ഥിയായ അഞ്ജു ഷാജി ബികോം പരീക്ഷ എഴുതാനായി ചേർപ്പുങ്കൽ ബിഷപ്പ് വയലിൻ മെമ്മോറിയൽ കോളേജിൽ എത്തിയിരുന്നു. പരീക്ഷയ്ക്കിടെ അഞ്ജുവിൻ്റെ ഹാൾ ടിക്കറ്റിന് പിന്നിലായി അന്നേദിവസം നടക്കുന്ന അക്കൌണ്ടൻസി പരീക്ഷയുടെ പാഠഭാഗങ്ങൾ എഴുതി വച്ചതായി ക്ലാസിലുണ്ടായിരുന്ന അധ്യാപകൻ കണ്ടെത്തി. 

പിന്നീട് ഹാളിലെത്തിയ പ്രിൻസിപ്പൾ ഒരു മണിക്കൂർ ഹാളിൽ ഇരുന്ന ശേഷം അഞ്ജുവിനോട് തന്നെ വന്നു കാണാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടരയോടെ ഹാൾവിട്ടു പോയ അഞ്ജുവിൻ്റെ മൃതദേഹം മൂന്നാം ദിവസം മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. അഞ്ജുവിൻ്റെ ചെരിപ്പും ബാഗും അന്നേദിവസം തന്നെ മീനിച്ചലാറിന് തീരത്ത് നിന്നും കണ്ടെത്തിയിരുന്നു. കോളേജ് അധികൃതരുടെ പീഡനം മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം.