Asianet News MalayalamAsianet News Malayalam

'എന്റെ കൊച്ച് കോപ്പിയടിക്കില്ല, അവര് കൊന്നതാണ്'; വിങ്ങിപ്പൊട്ടി അഞ്ജുവിന്റെ അച്ഛൻ

"കൊച്ച് ഒരിക്കലും കോപ്പിയടിക്കില്ല, അങ്ങനെയുള്ള കുട്ടിയല്ല. ഹാൾടിക്കറ്റിൽ ആരെങ്കിലും ഉത്തരം എഴുതുമോ ? ഹാൾ ടിക്കറ്റ് എല്ലാ പരീക്ഷയ്ക്കും മുമ്പ് പരിശോധിക്കുന്നതല്ലെ, പരീക്ഷ തുടങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴാണ് കൊച്ചിനെ പുറത്താക്കിയത്  "

anju shaji family accusation against college authorities of mental torture
Author
Pala, First Published Jun 8, 2020, 1:46 PM IST

കോട്ടയം: മകൾ കോപ്പിയടിക്കില്ലെന്നും, പരീക്ഷയെഴുതാൻ എത്തിയ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെ അധികൃതർ കുട്ടിയെ മാനസികമായി തകർത്തത് മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും അഞ്ജുവിന്റെ അച്ഛൻ ഷാജി. ഹാൾടിക്കറ്റിൽ ഉത്തരമെഴുതി കോപ്പിയടിക്കാൻ ശ്രമിച്ചുവെന്നാണ് കോളജ് അധികൃതർ പറയുന്നത്. എന്നാൽ ആരെങ്കിലും ഹാൾടിക്കറ്റിൽ ഉത്തരമെഴുതുമോ എന്നാണ് അഞ്ജുവിന്റെ അച്ഛന്റെ ചോദ്യം. 

"കൊച്ച് ഒരിക്കലും കോപ്പിയടിക്കില്ല, അങ്ങനെയുള്ള കുട്ടിയല്ല. ഹാൾടിക്കറ്റിൽ ആരെങ്കിലും ഉത്തരം എഴുതുമോ ? ഹാൾ ടിക്കറ്റ് എല്ലാ പരീക്ഷയ്ക്കും മുമ്പ് പരിശോധിക്കുന്നതല്ലെ, പരീക്ഷ തുടങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴാണ് കൊച്ചിനെ പുറത്താക്കിയത്" അഞ്ജുവിന്റെ അച്ഛൻ പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ കണ്ടുവെന്ന് പറഞ്ഞ ഷാജി കുട്ടിയെ പ്രിൻസിപ്പൾ മാനസികമായി തള‌ർത്തിയെന്ന് ആരോപിക്കുന്നു. പേപ്പ‌‌ർ പിടിച്ചുവാങ്ങുകയും മകളോട് ഒച്ച വയ്ക്കുകയും ചെയ്തുവെന്നാണ് ഷാജി പറയുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ തന്നെ വിളിച്ചാൽ താൻ മകളെ കൊണ്ടുപോകുമായിരിന്നല്ലോ എന്നേ അച്ഛന് പറയാനുള്ളൂ. 

രാവിലെ 12 മണിയോടെയാണ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽ നിന്ന് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലെ പാരലൽ കോളേജിൽ ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച്  പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയതിൽ മനംനൊന്താണ് മകൾ മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. 

ചേര്‍പ്പുങ്കൽ പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. രാത്രി വരെ തെരച്ചിൽ തുടർന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അഞ്ജു. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പിയടിക്കില്ലെന്നും അച്ഛൻ ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കി ഞാൻ പോകുന്നു  എന്ന രണ്ട് വരി സന്ദേശം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിന് അഞ്ജു ഷാജി അയച്ചിരുന്നു. ഈ സന്ദേശവും പൊലീസ് പരിശോധിച്ചു. 

Follow Us:
Download App:
  • android
  • ios