
കോട്ടയം: കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് മരിച്ച അഞ്ജുവിന്‍റെ ഹാൾടിക്കറ്റിൽ പാഠഭാഗങ്ങൾ എഴുതി ചേർത്തിരുന്നുവെന്ന് ചേർപ്പുങ്കൽ ബിവിഎം കോളേജ് അധികൃതര്‍. കോളേജിലെ റെഗുലർ വിദ്യാർത്ഥിയല്ലാത്തതിനാൽ അഞ്ജുവിന്‍റേയോ വീട്ടുകാരുടെയോ നമ്പർ അറിയില്ലായിരുന്നു. അതാണ് വീട്ടുകാരെ അറിയിക്കാത്തതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിവിഎം കോളേജ് അധികൃതര്‍ പറയുന്നു.
അഞ്ജു കോപ്പിയടിച്ചെന്ന ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജിന്‍റെ ആരോപണം തള്ളി കുടുംബം രംഗത്തെത്തിയിരുന്നു. ഹാള്‍ടിക്കറ്റിലേത് അഞ്ജുവിന്‍റെ കൈയ്യക്ഷരമല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് കോളേജിനെതിരെയുള്ള കുടുംബത്തിന്‍റെ ആരോപണങ്ങള്‍. മൃതദേഹം കുടുംബത്തെ കാണിക്കാൻ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. പ്രിൻസിപ്പലിനെയും ക്ലാസിലുണ്ടായിരുന്ന അധ്യാപകനെയും അറസ്റ്റ് ചെയ്യണം എന്നും അഞ്ജുവിന്‍റെ കുടുംബം ആവശ്യപ്പെടുന്നു.
അതേസമയം, കോളേജിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും മൃതദേഹം കാഞ്ഞിരപ്പള്ളിയില്‍ തടഞ്ഞു. കോളേജിനെതിരെയുള്ള പരാതി പൊലീസ് മുക്കുന്നുവെന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മൃതദേഹം വീട്ടിലേക്ക് എത്തിക്കും വഴി തടഞ്ഞത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ അഞ്ജുവിന്‍റെ കുടുംബം പ്രതിഷേധക്കാരോട് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന്, അഞ്ജുവിന്‍റെ സംസ്കാരം വീട്ട് വളപ്പില്‍ നടന്നു.
Also Read: അഞ്ജു ഷാജിയുടെ മൃതദേഹവുമായി നാട്ടുകാരുടേയും ബന്ധുക്കളുടേയും പ്രതിഷേധം
അതിനിടെ, അഞ്ജുവിന്‍റേത് മുങ്ങി മരണമെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മറ്റ് മുറിവുകളില്ല. അതേസമയം, കേസന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി പൊലീസ് ബിവിഎം കോളേജിലെ അധ്യാപകരുടെ മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളും അഞ്ജുവിന്‍റെ കൈപ്പടയുള്ള ഹാള്‍ടിക്കറ്റും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ എംജി സര്‍വകലാശാല മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി.
Also Read: അഞ്ജു ഷാജിയുടെ മരണം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam