
കൊല്ലം: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിതയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കൊല്ലം പരവൂർ സ്വദേശി അരീഫിനെ (44)) ആണ് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അതിജീവിതയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി ഉപയോഗിച്ച ഇലക്ട്രോണിക് ഡിവൈസുകളും പൊലീസ് പിടിച്ചെടുത്തു. സൈബര്‍ പട്രോളിങ്ങില്‍ പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കൊല്ലം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനാഫിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.
സമാനമായ കേസിൽ തൃശൂരിൽ മറ്റൊരു കോൺഗ്രസ് പ്രവർത്തകനും ഇന്ന് അറസ്റ്റിലായിരുന്നു. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ സിജോ ജോസ് (45) ആണ് നേരത്തെ അറസ്റ്റിലായത്. അതിജീവിത ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എംകെ, സബ് ഇൻസ്പെക്ടർ സൗമ്യ ഇയു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അതേസമയം, ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. ഇന്ന് നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. മറ്റു തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. എന്നാൽ കോടതി രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞില്ല. നിലവിൽ 7 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസ്സമില്ലെങ്കിലും ജാമ്യാപേക്ഷയിൽ നാളെയായിരിക്കും കോടതി വിധിവരിക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam