
പാലക്കാട്: പാലക്കാട് വാളയാറിൽ ട്രെയിൻ തട്ടി പരിക്കേറ്റ ഒരു കാട്ടാന കൂടി ചെരിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ തട്ടി കാലിന് പരിക്കേറ്റ 20 വയസുള്ള പിടിയാനയുടെ ജഡം ഇന്നലെയാണ് കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി വനം വകുപ്പ് ആനയുടെ ജഡം സംസ്‍ക്കരിച്ചു. കാടിനകത്ത് നടുപ്പതിക്ക് സമീപം ഒരു അരുവിയുടെ ഓരത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. അപകടം നടന്ന ദിവസം പരിക്കേറ്റ ആനയ്ക്ക് വേണ്ടി വനം വകുപ്പ് തെരച്ചിൽ നടത്തിയിരുന്നു. എന്നാല്‍ ഇതിനെ കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് ജഡം കണ്ടെത്തിയത്. ഇതോടെ രണ്ട് വർഷത്തിനിടെ കോയമ്പത്തൂർ കഞ്ചിക്കോട് ട്രാക്കിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 35 ആയി.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നേ പതിനഞ്ചോടെയാണ് കന്യാകുമാരി ദി ബ്രുഗഡ് വിവേക് എക്സ്പ്രസ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്. 20 വയസ് പ്രായം തോന്നിക്കുന്ന പിടിയാന അന്ന് ചരിഞ്ഞിരുന്നു. പിറക് വശത്ത് ഇടിയേറ്റ കാട്ടാനയുടെ കരച്ചിൽ കേട്ട് നാട്ടുകാരാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്. എന്നാല്‍ കാട്ടാനക്കൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാതെ നിലയുറപ്പിച്ചതിനാല്‍ ഏറെ സമയം ഉദ്യോഗസ്ഥർക്ക് അങ്ങോട്ടേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ആഴ്ചകൾക്കു മുമ്പ് പ്രസവിച്ച കാട്ടാനയായിരുന്നു ഇത്. സംഭവത്തില്‍ കേസെടുത്തതായി വനംവകുപ്പ് അറിയിച്ചിരുന്നു. ലോക്കോ പൈലറ്റിനെ വിളിച്ചു വരുത്തി മൊഴി എടുക്കാനാണ് നീക്കം. ലോക്കോ പൈലറ്റുമാര്‍ 45 കിലോമീറ്റര്‍ എന്ന വേഗപരിധി ലംഘിച്ചോയെന്ന് അന്വേഷിക്കുന്നുണ്ട്. കഞ്ചിക്കോട് വാളയാർ പാതയിൽ ഇത്തരം അപകടം ആവർത്തിക്കുന്നത് ഗൗരവത്തോടെയാണ് വനം വകുപ്പ് കാണുന്നത്. അപകട കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും വനം മന്ത്രി വ്യക്തമാക്കിയിരുന്നു.