കൊച്ചിയില്‍‌ ലക്ഷങ്ങള്‍ ചെലവിട്ട് നവീകരിച്ച പൊതുഇടങ്ങൾ നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ; നടപടിയെടുക്കാതെ പൊലീസ്

By Web TeamFirst Published Nov 14, 2022, 9:39 AM IST
Highlights

നവീകരിച്ച ഷൺമുഖം റോഡിൽ സ്ഥാപിച്ച മുപ്പത് ട്രീ ഗാർഡുകൾ ആണ് മോഷണം പോയത്. 6000 രൂപയ്ക്കടുത്താണ് ഓരോന്നിന്‍റെയും വില. വിദേശികൾ ഏറെ എത്തുന്ന സ്ഥലത്തെ സർവൈലൻസ് ക്യാമറകൾ, റോഡുകളിലെ ഗ്രേറ്റിംഗ് എല്ലാം  സാമൂഹ്യവിരുദ്ധര്‍  നശിപ്പിച്ചു

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റി ലിമിറ്റഡ് നവീകരിച്ച നഗരത്തിലെ പൊതുഇടങ്ങൾ നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ നശിച്ചതിൽ  സിഎസ്എംഎൽ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമില്ല. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് ഒന്‍പത് കോടി രൂപ ചിലഴിച്ചാണ് മറൈൻ ഡ്രൈവിലെ 2.5 കിലോമീറ്റർ നടപ്പാത മുഖംമിനുക്കിയത്. സിസിടിവി ക്യാമറകൾ, വേയ്സ്റ്റ് ബിന്നുകൾ, ഗ്രാനെറ്റ് ഇരിപ്പിടങ്ങൾ ,കളിസ്ഥലം,  രാത്രി കാഴ്ച മനോഹരമാക്കാൻ വഴിവിളക്കുകൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി. 

എന്നാൽ മറൈന്‍ഡ്രൈവിനെ ലഹരിയുടെ കച്ചവടത്തിനടക്കം ഉപയോഗിച്ചിരുന്ന സാമൂഹ്യവിരുദ്ധർക്ക് ഈ നവീകരണം തടസ്സമായി. കുടുംബമായി ജനങ്ങളെത്തിയതോടെ ആളൊഴിഞ്ഞ നേരത്ത് നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിയില്ലെന്നായി. ഇതോടെയാണ് ക്യാമറയും വേസ്റ്റ് ബിന്നും  ഇരിപ്പിടവുമെല്ലാം സാമൂഹ്യവിരുദ്ധര്‍  നശിപ്പിച്ച് തുടങ്ങിയത്.
 
ഒറ്റപ്പെട്ട സംഭവങ്ങളല്ല, നവീകരിച്ച ഷൺമുഖം റോഡിൽ സ്ഥാപിച്ച മുപ്പത് ട്രീ ഗാർഡുകൾ ആണ് മോഷണം പോയത്. 6000 രൂപയ്ക്കടുത്താണ് ഓരോന്നിന്‍റെയും വില. വിദേശികൾ ഏറെ എത്തുന്ന സ്ഥലത്തെ സർവൈലൻസ് ക്യാമറകൾ, റോഡുകളിലെ ഗ്രേറ്റിംഗ് എല്ലാം  സാമൂഹ്യവിരുദ്ധര്‍  നശിപ്പിച്ചു. ഇതെല്ലാം  വീണ്ടും ഇത് സ്ഥാപിക്കേണ്ടി വരുന്നതോടെ വലിയ ബാധ്യതയാണ് സിഎസ്എംഎല്ലിന് ഉണ്ടാകുന്നത്. സിഎസ്എംഎല്‍ അതാത് സ്റ്റേഷൻ പരിധിയിലായി കൊച്ചി പൊലീസിന്   ഫോട്ടോകളടക്കം പരാതിയായി നൽകി. എന്നാൽ പ്രതികളെ മാത്രം ഇത് വരെയും കണ്ടെത്താനായിട്ടില്ല.

Read More : എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം

tags
click me!