
പത്തനംതിട്ട: മൊബൈൽ നെറ്റ്‍വർക്ക് ഇല്ലാത്തത് മൂലം റേഷൻ മുടങ്ങുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ അടിയന്തര ഇടപെടലുമായി പത്തനംതിട്ട എംപി ആന്റോ ആന്റണി. കോന്നി കല്ലേലിയിലെ തോട്ടം തൊഴിലാളികളുടെ ദുരിതത്തിലാണ് ആന്റോ ആന്റണി എംപി ഇടപെട്ടത്. ബിഎസ്എൻഎൽ ജനറൽ മാനേജരെ ഫോണിൽ ബന്ധപ്പെട്ട എംപി മൊബൈൽ റേഞ്ച് അടിയന്തരമായി ലഭ്യമാക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ജനറൽ മാനേജർക്ക് കത്തും നൽകി.
കല്ലേലിയിൽ ബിഎസ്എൻഎൽ മൊബൈൽ നെറ്റ്‌വർക്ക് നേരിടുന്ന നിരന്തരമായ തകരാറുകൾ പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി. കൃത്യമായ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലാത്തത് ഫോൺ കോളുകൾ, ഓൺലൈൻ പേയ്‌മെന്റുകൾ, ഹരിതകർമസേനയുടെ ക്യുആർ കോഡ് ഇടപാടുകൾ, റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളുടെ പ്രവർത്തനം എന്നിവയെ എല്ലാം സാരമായി ബാധിക്കുന്നുണ്ടെന്നും കത്തിൽ പറഞ്ഞു.
വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ഈ പ്രശ്നം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ, മോശം മൊബൈൽ കവറേജ് കാരണം അധികൃതരെ സമയബന്ധിതമായി വിവരമറിയിക്കാൻ ഇവർക്ക് സാധിക്കുന്നില്ല. പ്രദേശത്തെ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് കവറേജ് എത്രയും വേഗം പുനഃസ്ഥാപിക്കാനും കൂടുതൽ ശക്തമാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എംപി അഭ്യര്‍ത്ഥിച്ചു.
മൊബൈൽ നെറ്റ്‍വർക്ക് ഇല്ലാത്തതിനാൽ റേഷൻ മുടങ്ങുന്നത് തോട്ടം മേഖലയെ വലിയ ദുരിതത്തിലാക്കിയിരുന്നു. കാട്ടാനശല്യം രൂക്ഷമായ മേഖലയിൽ അടിയന്തര സഹായത്തിനു പോലും മൊബൈൽ ഫോൺ ഉപയോഗിക്കാനാവാത്തത് വെല്ലുവിളിയായിരുന്നു. റേഞ്ച് തേടി ഇ-പോസ് മെഷീനുമായി റേഷൻ കട ഉടമ ഒരുകിലോമീറ്റർ അപ്പുറം വരെ പോയ ശേഷമാണ് ഗുണഭോക്താക്കളുടെ കൈ പതിപ്പിച്ചിരുന്നത്. പ്രശ്നം പരിഹരിക്കാനായി ആരും ഇടപെടുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam