
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (ksrtc) ശമ്പള വിതരണം തുടങ്ങിയതിന് പിന്നാലെ തൊഴിലാളി യൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju). ഡീസൽ വില വർദ്ധിച്ചപ്പോൾ പോലും സമരം ചെയ്യാത്തവർ ശമ്പളം കിട്ടിയിട്ടും കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി ഓർമിപ്പിച്ചു. ശമ്പളം കൊടുത്തിട്ടും പട്ടിണിയെങ്കിൽ പ്രശ്നം വേറെയാണ്. ബിഎംഎസിന് രാഷ്ട്രീയ പട്ടിണിയാണ്. ബിഎംഎസിന്‍റെ പട്ടിണി സമരം രാജ്ഭവനിലേക്കാണ് നടത്തേണ്ടത്. കെഎസ്ആർടിസിയെ തകർക്കുന്നത് കേന്ദ്ര നയങ്ങളാണെന്നും മന്ത്രി കുറ്റപ്പെടുത്തി. 20 ദിവസം വൈകിയെങ്കിലും സർക്കാരിന്‍റെ അധിക സഹായമടക്കം സമാഹരിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകിത്തുടങ്ങിയതിനിടയിലാണ് സിഐടിയുവിന്‍റെ അനിശ്ചിതകാല സമര പ്രഖ്യപനവും ബിഎംഎസിന്‍റെ പട്ടിണി മാർച്ചും.
സർക്കാരിന്‍റെ ഒന്നാം വാർഷിക ദിനത്തിന്‍റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഗതാഗതമന്ത്രിക്ക് പൂർണ പിന്തുണയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് സിഐടിയു അടക്കമുള്ള യൂണിയനുകളെ മന്ത്രി കടന്നാക്രമിച്ചത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കക്ഷിഭേദമന്യേ യൂണിയനുകൾക്ക് ഇടയിൽ അമർഷം പുകയുകയാണ്. ശമ്പള പ്രതിസന്ധിയ്ക്ക് അടക്കം ശാശ്വത പരിഹാരമാവശ്യപ്പെട്ട് ബിഎംഎസ് തൊഴിലാളികളും കുടുംബങ്ങളും ഇന്ന് സംസ്ഥാന വ്യാപകമായി മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണ് മാർച്ച് നടത്തി. തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടന്ന മാർച്ച് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശാവ്ജി സുദർശൻ ഉദ്ഘാടനം ചെയ്തു. അതിനിടെ കെഎസ് ആർടിസിയിലെ ശമ്പള വിതരണം ഇന്ന് വൈകിട്ടോടെ പൂർത്തിയാകുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ അറിയിച്ചു. ഇന്നലെയും ഇന്നുമായി ഡ്രൈവർമാർക്കും കണ്ടക്ടർമാര്‍ക്കും ശമ്പളം കിട്ടിക്കഴിഞ്ഞു.