
തിരുവനന്തപുരം: കുഞ്ഞ് ഏയ്ഡന്റെ സാന്നിധ്യത്തിൽ അനുപമയും (Anupama S Chandran) അജിത്തും വിവാഹിതരായി. തിരുവനന്തപുരം മുട്ടട (Muttada) സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് ഇവരുവരും വിവാഹിതരായത്. തടസ്സങ്ങൾ നീങ്ങി പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിലാണ് കുടുംബം
പുതുവർഷത്തിൽ പുതിയ ജീവിതത്തിലേക്ക് പുതുസ്വപ്നങ്ങളുമായി അനുപമയും അജിത്തും ഒപ്പം കുഞ്ഞു ഏയ്ഡനും കടക്കുകയാണ്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നേടിയ കുഞ്ഞുമായാണ് വിവാഹം രജിസ്ട്രർ ചെയ്യാനായി ഇരുവരും മുട്ടട സബ് രജിസ്ട്രാർ ഓഫീസിലേക്ക് എത്തിയത്. ഏറെ വിവാദങ്ങളിലൂടെയും അധിക്ഷേപങ്ങളിലൂടെയും കടന്നുപോയ 2021ന്റെ അവസാന ദിനം, ജീവിത്തിലെ പ്രധാനപ്പെട്ട ദിവസമായി മാറിയതിൽ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു.
കുഞ്ഞിനെ കിട്ടിയതിന് പിന്നാലെ തന്നെ വിവാഹം രജിസ്ട്രർ ചെയ്യാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഒടുവിൽ കുഞ്ഞിനെ സാക്ഷിയാക്കി തന്നെ ചടങ്ങ് പൂർത്തിയാക്കി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മറ്റ് ആഘോഷങ്ങളൊന്നും ഒരുക്കിയിരുന്നില്ല.
2021 ഒക്ടോബർ 14നാണ് അനുപമ കുഞ്ഞിനെ തേടുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. നവംബർ 24ന് കോടതി വഴി കുഞ്ഞിനെ അനുപമയ്ക്കും അജിത്തിനും കൈമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam