കുഞ്ഞിനെ കാണാനില്ലെന്ന സംഭവം; സിപിഎം നേതാക്കൾക്ക് പരാതി നൽകിയിരുന്നെന്ന് അനുപമ, ശരിവച്ച് പി സതീദേവി

By Web TeamFirst Published Oct 15, 2021, 9:43 PM IST
Highlights

അനുപമ ഇത് പറഞ്ഞതിനു പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷയായ പി സതീദേവി ഇക്കാര്യം ശരിവെക്കുകയും ചെയ്തു. കുഞ്ഞിനെ കാണാനില്ലെന്ന അനുപമയുടെ പരാതി ശരിയാണ്. അനുപമ ചർച്ചയിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നും സതീദേവി പ്രതികരിച്ചു. 

തിരുവനന്തപുരം: തന്റെ കുഞ്ഞിനെ അച്ഛനും അമ്മയും വിട്ടുതരുന്നില്ലെന്ന് കാട്ടി സിപിഎമ്മിന്റെ പല മുതിർന്ന നേതാക്കൾക്കും പരാതി നൽകിയിരുന്നെന്ന് അനുപമ എസ് ചന്ദ്രൻ. എന്നിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. തന്റെ അച്ഛൻ പറയുന്നതൊക്കെ കളവാണെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ, ആനാവൂർ നാ​ഗപ്പൻ, പി സതീദേവി തുടങ്ങിയ നേതാക്കൾക്കെല്ലാം പരാതി നൽകിയിരുന്നെന്നാണ് അനുപമ പറഞ്ഞത്. അനുപമ ഇത് പറഞ്ഞതിനു പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷയായ പി സതീദേവി ഇക്കാര്യം ശരിവെക്കുകയും ചെയ്തു. കുഞ്ഞിനെ കാണാനില്ലെന്ന അനുപമയുടെ പരാതി ശരിയാണ്. അനുപമ ചർച്ചയിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നും സതീദേവി പ്രതികരിച്ചു. 

അനുപമയുടെ സമ്മതപ്രകാരം തന്നെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചു എന്നാണ് അച്ഛൻ ജയചന്ദ്രൻ പറയുന്നത്. എന്നാൽ, തനിക്കറിവില്ലെന്ന് അനുപമ ആവർത്തിക്കുന്നു. തന്നെ വീട്ടിൽ പൂട്ടിയിട്ടിരുന്നു എന്നും അനുപമ ചർച്ചയിൽ പറഞ്ഞു. 

ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്‍റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണമാണ് അനുപമയെന്ന 22 കാരി ഉന്നയിക്കുന്നത്. പേരൂര്‍ക്കട പൊലീസിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും കുഞ്ഞിനെക്കണ്ടെത്താന്‍ സഹായിക്കുന്നില്ല. കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്‍റെ കുഞ്ഞെന്ന് രക്ഷിതാക്കള്‍ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി പറയുന്നു. പേരൂര്‍ക്കടയിലെ പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രന്‍റെ മകളാണ് അനുപമ. 

Read Also: കുഞ്ഞിനെത്തേടി അമ്മയുടെ അലച്ചില്‍, രക്ഷിതാക്കള്‍ എടുത്തുകൊണ്ടുപോയി, നീതികിട്ടുന്നില്ലെന്നും പരാതി

click me!