കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം: റിയാസിന്റെ വാദങ്ങൾ തള്ളി അൻവർ സാദത്ത് എംഎൽഎ 

By Web TeamFirst Published Sep 16, 2022, 6:38 AM IST
Highlights

റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് നാട്ടുകാരും കിഫ്ബിയും തമ്മിൽ തർക്കമില്ല. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കരാറുകാരേയും ഉദ്യോഗസ്ഥരേയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വിജിലൻസ് റിപ്പോർട്ടെന്നും എംഎൽഎ

കൊച്ചി : ആലുവ-പെരുമ്പാവൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാദങ്ങൾ തള്ളി സ്ഥലം എംഎൽഎ അൻവർ സാദത്ത്. റോഡ് വികസനത്തിന് നാട്ടുകാർ എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് നാട്ടുകാരും കിഫ്ബിയും തമ്മിൽ തർക്കമില്ല. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് എംഎൽഎയുടെ വാദം. റോഡപകടത്തിൽ മരിച്ചയാൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ആലുവ-പെരുമ്പാവൂർ റോഡിലെ അപകടകുഴികളിലെ  വിജിലൻസ് റിപ്പോർട്ട് കരാറുകാരേയും ഉദ്യോഗസ്ഥരേയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എംഎൽഎ കുറ്റപ്പെടുത്തി. 

അതേ സമയം, സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കും. കേസെടുക്കുന്നതിലെ നിയമസാധ്യതകൾ പൊലീസ് തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തിൽ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ അറ്റകുറ്റ പണികൾക്ക് പിന്നാലെ റോഡ് വീണ്ടും തകർന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. അൽവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം ശക്തമാക്കാനാണ് തീരുമാനം. കുഞ്ഞുമുഹമ്മദിന്‍റെ മരണത്തിന്‍റെ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അൻവർ സാദത്ത് എം.എൽഎ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

'സർക്കാറിന്‍റെ കുടുംബ വണ്ടി'; മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആർ മോഹന്‍റെ ഔദ്യോഗിക വാഹനത്തിൽ ഭാര്യയുടെ കോളേജ് യാത്ര!

അതേ സമയം, ആലുവ-പെരുമ്പാവൂർ റോഡിലെ അപകടകുഴികളില്‍ കരാറുകാരനെയും ഉദ്യോഗസ്ഥരെയും പഴിചാരാതെയുള്ള  വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റോഡിൽ പത്തിലേറെ സ്ഥലത്ത് കുഴികൾ ഉണ്ടായിട്ടുണ്ടെന്നും കരാർ പ്രകാരമുള്ള 11.7 കിലോ മീറ്റർ ജോലി മുഴുവൻ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഡിൽ ഇനി രണ്ടര കിലോ മീറ്ററിലെ അറ്റക്കുറ്റപ്പണി ബാക്കിയുണ്ട്. ജോലി പൂർത്തിയാകാത്തതിനാൽ ബില്ലുകൾ നൽകിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സർക്കാറിന് പ്രത്യക്ഷത്തിൽ സാമ്പത്തിക നഷ്ടമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ വർഷവും ഇതേ റോഡിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15 ലക്ഷം രൂപയ്ക്കാണ് അന്ന് അറ്റകുറ്റപ്പണി നടത്തിയത്. കരാർ കാലാവധി ആറ് മാസമായതിനാൽ അറ്റക്കുറ്റപ്പണി നടത്താൻ മുൻ കരാറുകാരനും ബാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് വിജിലൻസ് പ്രാഥമിക പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത്. 

കോടതിയെ തെറ്റിധരിപ്പിച്ച സാക്ഷിക്കെതിരെ നടപടിയുണ്ടാകുമോ? പ്രോസിക്യൂഷൻ ഹർജിയിൽ വിധിയെന്താകും? ഇന്നറിയാം

 

click me!