കോടതിയിൽ കാണിച്ച ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് പറഞ്ഞതിനെ തുടർന്ന് സുനിൽകുമാറിന്‍റെ കാഴ്ച ശക്തി പരിശോധിച്ചിരുന്നു

പാലക്കാട് : അട്ടപ്പാടി മധുകേസിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാക്ഷിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. 29 ആം സാക്ഷി സുനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് മണ്ണാർക്കാട് എസ് സി- എസ് ടി കോടതി പരിഗണിക്കുക.

കോടതിയിൽ കാണിച്ച ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് പറഞ്ഞതിനെ തുടർന്ന് സുനിൽകുമാറിന്‍റെ കാഴ്ച ശക്തി പരിശോധിച്ചിരുന്നു.വൈദ്യപരിശോധനയിൽ കാഴ്ചക്ക് കുഴപ്പമില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് സാക്ഷിക്കെതിരെ പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ടത്. കേസിൽ ഇന്ന് മധുവിന്‍റെ സഹോദരി ചന്ദ്രിക ഉൾപ്പടെ മൂന്ന് പേരുടെ സാക്ഷി വിസ്താരം നടക്കും. മധുവിന്‍റെ അമ്മ മല്ലിയുടെ വിസ്താരവും ഇന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും ഇവർക്ക് ഹൈക്കോടതിയിൽ ഹാജരാകേണ്ടതിനാൽ മറ്റൊരു ദിവസമാകും സാക്ഷി വിസ്താരം നടക്കുക. 

അന്ന് കോടതിയിൽ സംഭവിച്ചത്...

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി കോടതിയിൽ സുനിൽ തിരുത്തി. ഇതോടെ, പ്രോസിക്യൂഷൻ ആ ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അനുമതി നൽകുകയും ചെയ്തു. 

read more അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറ്റം തുടരുന്നു, 29-ാം സാക്ഷിയും കൂറുമാറി 

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സാക്ഷിയായ സുനിൽ കുമാര്‍ നോക്കി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ ഇതോടെ തനിക്ക് കാഴ്ചക്ക് കുറവുണ്ടെന്നും ഒന്നും കാണുന്നില്ലെന്നുമായിരുന്നു സാക്ഷി കോടതിയെ അറിയിച്ചത്. പിന്നാലെ ഇടപെട്ട കോടതി ഇയാളുടെ കാഴ്ച പരിശോധിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പാലക്കാട് ആശുപത്രിയിൽ വെച്ച് പരിശോധന നടത്തി. കാഴ്ചയ്ക്ക് പ്രശ്നമൊന്നുമില്ലെന്ന് വ്യക്തമായതോടെയാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ടത്. 

read more 'കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ'; അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ

അതിനിടെ കോടതിയിൽ മൊഴിമാറ്റിയതിന് പിന്നാലെ വനംവാച്ചറായിരുന്ന സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ്വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വാച്ചറായിരുന്ന സുനിൽകുമാറിനെതിരെ കൂറുമാറിയതോടെ വനം വകുപ്പ് നടപടിയെടുത്തത്. ഇതോടെ കൂറു മാറിയതിന് പിരിച്ചു വിട്ട വനം വച്ചർമാർ നാലായി.