
മലപ്പുറം: മലപ്പുറം: കെട്ടിട നമ്പര്‍ നൽകാത്തതിന്‍റെ പേരിൽ മലപ്പുറം തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷകന്‍റെ പരാക്രമം. ഗ്രാമപഞ്ചായത്ത് ഓഫീസ് പെട്രോളൊഴിച്ച് തീയിടാൻ ശ്രമിച്ചു. കരുവാരക്കുണ്ട് തരിശ് സ്വദേശി മജീദാണ് പെട്രോളിഴിച്ച് തീയിടാൻ ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റശ്രമവുമുണ്ടായി. ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് മജീദിനെ കീഴ്പ്പെടുത്തി തീയിടാനുള്ള ശ്രമം തടഞ്ഞത്. തുടര്‍ന്ന് കരുവാരക്കുണ്ട് പൊലീസ് എത്തിയാണ് മജീദിനെ അനുനയിപ്പിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കയ്യിൽ ഒരു കുപ്പി പെട്രോളുമായാണ് തരിശ് വെമ്മുള്ളി സ്വദേശി മജീദ് തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എത്തിയത്. തുടര്‍ന്ന് ഓഫീസിൽ പെട്രോളൊഴിച്ച് തീയിടാൻ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റത്തിനും തുനിഞ്ഞു. പരിഭ്രാന്തി സൃഷ്ടിച്ച മജീദിനെ ജീവനക്കാരനും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. തുടര്‍ന്ന് പൊലീസ് എത്തി മജീദിനെ അനുനയിപ്പിച്ചു.
നീണ്ടകാലം പ്രവാസിയായായിരുന്നു മജീദ്. ഗള്‍ഫിൽ ജോലി ചെയ്തുള്ള സാമ്പാദ്യം കൊണ്ട് തൂവ്വൂര്‍ പഞ്ചായത്ത് പരിധിയിലെ മാമ്പുഴയിൽ കെട്ടിടം നിര്‍മിച്ചു. തുടര്‍ന്ന് കെട്ടിട നമ്പറിനായി പഞ്ചായത്തിൽ അപേക്ഷയും നൽകി. 2024 ഫെബ്രുവരിയിലാണ് മജീദ് കെട്ടിടത്തിന്‍റെ ക്രമവത്ക്കരണത്തിന് അപേക്ഷ സമർപ്പിച്ചത്. എന്നാൽ, തിരുത്തുകൾ ആവശ്യപ്പെട്ട് പഞ്ചായത്ത് അപേക്ഷ മടക്കി. വേണ്ട മാറ്റങ്ങളും നിര്‍ദേശിച്ചു. എന്നാൽ, ക്രമപ്പെടുത്തൽ നടപടികൾ ഉണ്ടായില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വിശദീകരിക്കുന്നത്.
പ്രവാസിയായിരിക്കെ സാമ്പാദിച്ച പണം മുഴുവൻ കെട്ടിടത്തിനായി ചിലവഴിച്ചെന്നും കാഴ്ചാ പരിമിതിയുള്ള മകന്‍റെ ചികിത്സക്കുപോലും പണമില്ലെന്നും മജീദ് പറഞ്ഞു. അപേക്ഷയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മജീദിന് നോട്ടീസ് നൽകിയന്നും മറുപടി നൽകിയില്ലന്നുമാണ് പഞ്ചായത്തിന്‍റെ വിശദീകരണം. കെട്ടിട നിർമ്മാണത്തിൽ പിഴവുകൾ ഉണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.പ്രവാസക്കാലത്തെ സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയ കെട്ടിടം ഉപയോഗിച്ച് വേണം വരുമാനം ഉറപ്പാക്കാനെന്നും അതിന് കഴിയാത്തതിലെ മനോവിഷമമാകാം പ്രകോപനത്തിന് കാരണമെന്നാണ് മജീദിന്‍റെ സഹോദരൻ വിശദീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam