ബോഡി ബിൽഡർമാരുടെ പൊലീസ് നിയമന വിവാദം; നേരിട്ട് അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതി, ഹർജി തീർപ്പാക്കി

Published : Oct 16, 2026, 05:10 PM ISTUpdated : Oct 16, 2026, 07:04 PM IST
shinu chovva chitharesh natesan

Synopsis

ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ സ്‍പോര്‍ട്സ് ക്വട്ട നിയമനത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ചട്ടലംഘനം മാത്രം അഴിമതിയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: ബോഡി ബില്‍ഡര്‍മാരായ ചിത്തരേശ് നടേശന്‍റയും ഷിനു ചൊവ്വയുടെയും പൊലീസ് നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് നേരിട്ട് ഉത്തരവിടാതെ ഹൈക്കോടതി. ചട്ടലംഘനം മാത്രം അഴിമതിയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം വിജിലന്‍സ് അന്വേഷണത്തിലുള്ള മുന്‍കൂര്‍ അനുമതി സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. അത് റദ്ദാക്കണമെന്ന് ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിട്ടില്ലെന്നും അതിനെതിരെ ഹര്‍ജിക്കാരന് നിയമപരമായി നീങ്ങാമെന്നും കോടതി വ്യക്തമാക്കി. നിയമന സമയത്ത് എഡിജിപിയായിരുന്ന എസ് ശ്രീജിത്ത് ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് വന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദിന്‍റെ ഉത്തരവ്. അഡ്വക്കറ്റ് കെ എം ഷാജഹാനാണ് ഹര്‍ജിക്കാരന്‍.

ബോഡി ബില്‍ഡര്‍മാരായ ചിത്തരേശ് നടേശന്‍, ഷിനു ചൊവ്വ എന്നിവരുടെ നിയമനത്തില്‍ അന്നത്തെ എഡിജിപി എസ് ശ്രീജിത്ത് ചട്ടവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ചിത്തരേശിന് ഫ്ലാറ്റ് ഫൂട്ട് ഉള്ളതിനാല്‍ നിയമനത്തിന് അയോഗ്യനാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രഹസ്യ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരനായ അഡ്വക്കറ്റ് കെ എം ഷാജഹാന്‍ കോടതിയെ അറിയിച്ചത്. ജസ്റ്റിസ് എ ബദറുദ്ദിനാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനായിരുന്നു സര്‍ക്കാര്‍ നീക്കം. അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനായിരുന്നു മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്. എന്നാൽ, ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പൊലീസ് കായിക ക്ഷമത പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല. എസ്എപി ക്യാമ്പിലായിരുന്നു പരീക്ഷ. ഷിനു ചൊവ്വയ്ക്ക് വീണ്ടും കായിക ക്ഷമത പരീക്ഷയ്ക്ക് അവസരം നൽകാനിരിക്കെയാണ് ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തത്. ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്.

ഇത് മറികടന്നാണ് മന്ത്രിസഭാ തിരുമാനമെടുത്തത്. ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് നിയമനം നൽകുന്നുവെന്നായിരുന്നു ഉത്തരവ്. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകാൻ നീക്കം നടന്നത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമന നീക്കം നടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ശബരിമലയിലേക്ക്, അഞ്ച് മണിയോടെ ക്ഷേത്ര ദർശനം; തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തും