കാസയുമായി സഭയ്ക്ക് ബന്ധമില്ല; ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പ്രയോഗങ്ങളോട് യോജിപ്പില്ലെന്ന് ബിഷപ്പ് പാംപ്ലാനി

Published : Jul 08, 2023, 02:24 PM ISTUpdated : Jul 08, 2023, 10:25 PM IST
കാസയുമായി സഭയ്ക്ക് ബന്ധമില്ല; ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പ്രയോഗങ്ങളോട് യോജിപ്പില്ലെന്ന് ബിഷപ്പ് പാംപ്ലാനി

Synopsis

ജിഹാദ് എന്ന പദം ഒരു മതവിഭാഗത്തിന് വേദനാജനകമായ  അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ ആഗ്രഹിക്കുന്നില്ല.  ഇസ്ളാമോഫോബിയ പടര്‍ത്തുന്ന നിലപാട് സഭയ്ക്കില്ല. അത് ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് അപകടമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം സഭയ്ക്ക് ഉണ്ടെന്നും ജോസഫ് പാംപ്ലാനി

തലശ്ശേരി: ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പെണ്‍കുട്ടികളെ മയക്കു മരുന്ന് നല്‍കിയും പ്രണയക്കുരുക്കില്‍ പെടുത്തിയും വശത്താക്കുന്ന ചില സംഘങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അത് ഏതെങ്കിലും മതത്തിന്‍റെ പ്രശ്നമായി കാണുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്നും സഭയ്ക്ക് ഇസ്ളാമോഫോബിയ ഇല്ലെന്നും പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസ് പോയന്‍റ് ബ്ലാങ്കില്‍ പറഞ്ഞു.

ജിഹാദ് എന്ന പദം ഒരു മതവിഭാഗത്തിന് വേദനാജനകമായ  അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ ആഗ്രഹിക്കുന്നില്ല. മയക്കുമരുന്നിന്‍റെ വ്യാപനം ഇവിടെ ശക്തമാണ്. അതുപയോഗിച്ച് വഴിതെറ്റിക്കാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. ഒരു വിഭാഗം മാത്രമല്ല ഇത് ചെയ്യുന്നത്. കാസ സഭയുടെ പിന്തുണ ഇതുവരെ ചോദിച്ച് വന്നിട്ടില്ല. സഭയുടെ ഔദ്യോഗിക ഭാഗത്ത് നിന്ന് ആരും കാസ സഭയുടെ ഭാഗമാണെന്ന് പറഞ്ഞിട്ടില്ല. കാസയില്‍ അംഗമായി വൈദികരും ഉണ്ടായിരിക്കാം. ഇസ്ളാമോഫോബിയ പടര്‍ത്തുന്ന നിലപാട് സഭയ്ക്കില്ല. അത് ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് അപകടമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം സഭയ്ക്ക് ഉണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

നേരത്തെ മണിപ്പൂരിലെ സംഘര്‍ഷത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയത്. കലാപം ക്രൈസ്ത ദേവാലയം ലക്ഷ്യമിട്ടാണ് എന്ന് ആരോപിച്ച ജോസഫ് പാംപ്ലാനി ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണെന്നും കൂട്ടിച്ചേര്‍ത്തു. അതിൽ ഗുരുതര വീഴ്ച ഉണ്ടായി എന്നും കുറ്റപ്പെടുത്തിയിരുന്നു. 

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്ന ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. കേരളത്തിൽ നിന്നും ബിജെപിയ്ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ പരാമര്‍ശം. 

റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കും: തലശ്ശേരി ബിഷപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ
ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്