
കോഴിക്കോട്: നിയമം ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍ തന്നെ നിയമം കൈയ്യിലെടുത്താല്‍ എന്ത് സംഭവിക്കുമെന്നതിന് സാക്ഷ്യം വഹിച്ച് കോഴിക്കോട്ടെ കോടതി മുറി. കാഴ്ചക്കാരെ അമ്പരിപ്പിച്ച, അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും (എ പി പി) മുതിര്‍ന്ന അഭിഭാഷകനും തമ്മിലുണ്ടായ കൈയ്യാങ്കളി ഒടുവിൽ പൊലീസ് സ്റ്റേഷൻ കയറുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ലഭിച്ച പരാതിയില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുക്കുക ആയിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതി-5 ലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എ പി പിയായ പ്രവീണും മുതിര്‍ന്ന അഭിഭാഷകനായ ഷാനവാസും തമ്മിലാണ് കൈയ്യാങ്കളിയുടെ വക്കോളമെത്തിയ വാക്കു തര്‍ക്കമുണ്ടായത്. ഇതേ കോടതിയില്‍ വച്ച് ഒത്തുതീര്‍പ്പായ കേസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്.
ഒത്തുതീര്‍പ്പായ കേസില്‍ എ പി പി മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു എന്ന് അഭിഭാഷകന്‍ ആരോപിച്ചു. തുടര്‍ന്ന് കോടതി മുറിക്കുള്ളിലുണ്ടായ തര്‍ക്കം കോടതി വളപ്പിലേക്കും നീളുകയായിരുന്നു. അഭിഭാഷകനും കൂടെയുണ്ടായിരുന്ന കക്ഷികളും തന്റെ ജോലി തടസ്സപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന കുട ഉപയോഗിച്ച് മര്‍ദ്ദിച്ചുമെന്നും ആരോപിച്ച് എ പി പി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം എ പി പിക്കെതിരെ അഭിഭാഷകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹം മിക്ക കേസുകളിലും അനാവശ്യമായ ഇടപെടലുകള്‍ നടത്തുകയാണെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു. എ പി പിക്കെതിരേ അഭിഭാഷകര്‍ ഔദ്യോഗികമായി പരാതി നല്‍കാൻ ഒരുങ്ങുകയാണെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam