ഷുക്കൂര്‍ വധക്കേസ്: വിചാരണ എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ ഹൈക്കോടതിയില്‍

By Web TeamFirst Published May 28, 2019, 11:47 AM IST
Highlights

തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. പി ജയരാജനും ടിവി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ. വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. പി ജയരാജനും ടിവി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.

എന്നാല്‍, ഹൈക്കോടതിയാണ് ഏത് കോടതി കുറ്റപത്രം സ്വീകരിക്കണമെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സെഷന്‍സ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു. ഹർജി തീർപ്പാക്കുന്നത് വരെ സെഷൻസ് കോടതി നടപടി നിർത്തി വെക്കാൻ ഉത്തരവിടണമെന്നും സിബിഐ ആവശ്യപ്പെട്ടു.

അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ തലശ്ശേരിയിൽ നിന്നും മാറ്റണമെന്ന ആവശ്യം കോടതി തള്ളിയുരുന്നു. വിചാരണ ജില്ലക്ക് പുറത്തേക്ക് മാറ്റുന്നത് ഈ കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ലെന്നും കേസ് ഇപ്പോൾ പരിഗണിക്കുന്ന തലശ്ശേരി സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു.

ഈ കേസിൽ സിബിഐ സമ‍ർപ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി മടക്കി. കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സിബിഐയോട് തലശ്ശേരി കോടതി പറഞ്ഞു. ഏത് കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി വ്യക്തമാക്കി. ഇതോടെയാണ് വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും അപ്രസക്തമായത്.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ കേസിന്‍റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂർവമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നൽകിയ അപേക്ഷയിലായിരുന്നു അന്നത്തെ കോടതി തീരുമാനം.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതിനാൽ ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റി കേസിന്‍റെ പൂർണ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിൽ നടത്തണമെന്നുമായിരുന്നു ഷുക്കൂറിന്‍റെ സഹോദരൻ ദാവൂദ് മുഹമ്മദിന്‍റെ ആവശ്യം. 

മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. 

വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. 
 

click me!