
കൊച്ചി: ദേശീയപാത 66 ൽ അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ കരാർ കമ്പനിക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി. അശോക് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിക്കെതിരെയാണ് നടപടി. ഒരു മാസത്തേക്കോ സംഭവത്തിൽ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയാകും വരെയോ കമ്പനിക്ക് എൻഎച്ച്എഐയുടെ കരാറുകളിൽ പങ്കെടുക്കാനാകില്ല. ബുധനാഴ്ചയാണ് കമ്പനിക്ക് ദേശീയ പാത അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ, ദേശീയ പാത അതോറിറ്റിയുടെ ആരോപണങ്ങൾ നിഷേധിക്കുകയാണ് കമ്പനി. പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയിട്ടില്ലെന്നും അപ്രതീക്ഷിതമായ അപകടം കമ്പനിയുടെ വീഴ്ചയല്ലെന്നും അശോക് ബിൽഡ്കോൺ അറിയിച്ചു. പ്രവേശിക്കാൻ വിലക്കുള്ള നിർമ്മാണ മേഖലയിലാണ് പിക്കപ്പ് വാൻ നിർത്തിയിട്ടതെന്നും കമ്പനി വാദിക്കുന്നു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ എംപിയും സംഭവത്തിൽ ദേശീയ പാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.
അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദേശം നൽകിയിരുന്നു. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ ആണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കുമെന്നും നേരത്തെ തന്നെ ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 13ന് പുലര്‍ച്ചെ രണ്ടരയോടെയോടെയാണ് അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ചന്തിരൂരില്‍ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് പിക്കപ് വാനിന്‍റെ ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്.
തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന രാജേഷ് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് അപകടം ദാരുണമായ അപകടമുണ്ടായത്. വാഹനത്തിന് മുകളിലേക്ക് രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് വലിയ അപകടമുണ്ടായത്. അപകടത്തിൽ സ്വതന്ത്രമായി സുതാര്യമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയോട് നേരത്തെ ശശി തരൂർ എംപി ആവശ്യപ്പെട്ടിരുന്നു. അപകടത്തിനുശേഷം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാൻ കെസി വേണുഗോപാൽ സംഭവ സ്ഥലം സന്ദര്‍ശിച്ച് ദേശീയ പാത അതോറിറ്റിക്ക് വിശദമായ റിപ്പോര്‍ട്ട് നൽകുകയായിരുന്നു.