
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിന്റെ പെയിന്റിങ് ജോലികൾക്കായി ഉപയോഗിച്ചിരുന്ന മെഷീൻ മോഷണം ചെയ്ത നാല് പ്രതികളെ അരൂർ പോലീസ് പിടികൂടി. എറണാകുളം കുമ്പളം കൈതവേലിക്കകത്ത് മഞ്ജുഷ് കുമാർ (43), എറണാകുളം തമ്മനം നടത്തനാട് പറമ്പിൽ അനസ് എന്നറിയപ്പെടുന്ന റസാഖ് (54), എറണാകുളം കൈപ്പട്ടൂർ വൃന്ദാവനം വീട്ടിൽ അനീഷ് അനി (28), കുമ്പളം പറക്കാട്ടേഴത്ത് വീട്ടിൽ സിജു (45) എന്നിവരാണ് പിടിയിലായത്.
അരൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ.ജി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 24-നാണ് അരൂർ വില്ലേജ് ഓഫീസിന് മുൻവശത്തുള്ള ബാരിക്കേഡിനുള്ളിൽ വെച്ചാണ് മോഷണം നടന്നത്. ഉയരപ്പാത നിർമ്മാണ കമ്പനി പെയിന്റിങ്ങിനായി ചേർത്തല ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകിയിരുന്നു. ഈ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന കംപ്രസറോടുകൂടിയ പെയിന്റിങ് മെഷീനാണ് മോഷണം പോയത്.
ഓട്ടോയിൽ വന്നാണ് പ്രതികൾ കൃത്യം നടത്തിയത്. നൂറുകണക്കിന് സിസിടിവി ക്യാമറകൾ പരിശോധിച്ചും 500-ൽ പരം വാഹനങ്ങളുടെ നമ്പറുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. മോഷണം ചെയ്‌തെടുത്ത മെഷീൻ തമ്മനത്തുള്ള റസാഖിന്റെ കടയിൽ നിന്നും പോലീസ് കണ്ടെടുത്തു. പിടിയിലായവർക്ക് വിവിധ സ്റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.