
കൊച്ചി: അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്നോളജി നിയമ പ്രകാരം നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞെങ്കിലും കൃത്രിമ ഗർഭധാരണ ചികിത്സ തുടരാൻ തൃശൂർ സ്വദേശികളായ ദമ്പതികൾക്ക് ഹൈക്കോടതി അനുമതി നൽകി. ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി. ദമ്പതികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഹരിശങ്കർ വി മേനോനാണ് ഉത്തരവിട്ടത്. സമാന സാഹചര്യത്തിൽ പഞ്ചാബ് - ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കൂടി പരിഗണിച്ചാണ് നടപടി.
അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്നോളജി ബോർഡിന് മുമ്പാകെ നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം സമർപ്പിച്ചാൽ ആശുപത്രി അധികൃതർ ചികിത്സ തുടരാൻ സൗകര്യമൊരുക്കണമെന്ന് കോടതി നിർദേശിച്ചു. നിയമ പ്രകാരം സ്ത്രീകൾക്ക് 50 വയസ്സും പുരുഷന്മാർക്ക് 55 വയസ്സുമാണ് ചികിത്സയ്ക്കുള്ള പ്രായ പരിധി. എന്നാൽ ഈ ദമ്പതികൾ 2023 ൽ തന്നെ ചികിത്സ ആരംഭിച്ചിരുന്നു. പിന്നീട് പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് അധികൃതർ തുടർചികിത്സ നിഷേധിച്ചതോടെയാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. ചികിത്സ തുടരുന്നതിലൂടെ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ദമ്പതികൾ കോടതിയെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam