
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി സിപിഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയിരിക്കുന്നത്. അടിമുടി പാർട്ടി സ്റ്റൈലിലാണ് വിവാഹവും ക്ഷണക്കത്തും. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുക. സെപ്റ്റംബർ നാലിനാണ് വിവാഹം. പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ക്ഷണിക്കുന്നത്. ലളിതമായി തയ്യാറാക്കിയ കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിൻ്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം പറഞ്ഞാണ് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്.
തിരുവനന്തപുരം എകെജി ഹാളിൽ വച്ച് രാവിലെ 11നാണ് ചടങ്ങ്. സിപിഎമ്മിന്റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാർത്തകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം- എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും വിവാഹം നിശ്ചയിച്ചു. സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യാ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ.
ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ വാർത്തകൾ പുറത്തുവന്നത്. മാർച്ച് മാസത്തിലായിരുന്നു വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam