തലസ്ഥാനത്തിന് യുവ മേയർ; ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം ധാരണ

By Web TeamFirst Published Dec 25, 2020, 1:26 PM IST
Highlights

21വയസുകാരിയായ ആര്യ രാജേന്ദ്രൻ ബാലസംഘം സംസ്ഥാന പ്രസിഡന്‍റാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവി കൂടിയാണ് ആര്യയെ കാത്തിരുക്കുന്നത്. 
 

തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. മുടവൻമുകൾ കൗൺസിലറാണ് ആര്യ രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തെക്ക് ഉയർത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്. 21വയസുകാരിയായ ആര്യ രാജേന്ദ്രൻ ബാലസംഘം സംസ്ഥാന പ്രസിഡന്‍റാണ്. 

നഗരത്തിൽ പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ മുമ്പ് വികെ പ്രശാന്തിനെ മേയറാക്കിയപ്പോൾ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി കിട്ടുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും. 

ഔദ്യോഗികമായി തീരുമാനം ആരും അറിയിച്ചിട്ടില്ലെന്ന് ആര്യ പറയുന്നു. പാർട്ടി ഏൽപ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്‍സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്‍റായ ശ്രീലതയുടേയും മകളാണ്.

click me!