
കേരളത്തിന്റെ തീരദേശത്തിനും ഇടനാടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഹരിപ്പാട് നിയമസഭ മണ്ഡലം രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അത്ര എളുപ്പത്തിൽ വഴങ്ങുന്ന മണ്ഡലമല്ല. തീരദേശ ജീവിതങ്ങൾ, ക്ഷേത്ര കേന്ദ്രീകൃത സാമൂഹിക പശ്ചാത്തലത്തിനുമൊക്കെ മുൻഗണന നൽകുന്ന മണ്ഡലമാണി ഹരിപ്പാട്. പ്രത്യയശാസ്ത്രപരമായ തരംഗങ്ങളേക്കാൾ ദൈനംദിന ജീവിതപ്രശ്നങ്ങൾക്കും വിശ്വാസത്തിനുമാണ് മുൻഗണന നൽകുന്നത്. അതായത് ഒരു മുന്നണിക്കും സ്ഥിരമായ ആധിപത്യം നൽകാത്ത രാഷ്ട്രീയ സ്വഭാവമാണ് ഹരിപ്പാടിനുള്ളത്.
ഹരിപ്പാടുളള ജനങ്ങൾ വോട്ട് ചെയ്യുന്നത് വളരെ ശ്രദ്ധാപൂർവ്വമാണ്. ക്ഷേമപദ്ധതികളുടെ ലഭ്യത, നേതാക്കളുടെ നിരന്തരമായ സാന്നിധ്യം എന്നിവയൊക്കെ നോക്കിയാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. എന്നാൽ മണ്ഡലത്തിലെ ജനങ്ങൾ മണ്ഡലത്തിൽ ഒരു മാറ്റം വേണം എന്ന് തീരുമാനിച്ചാൽ അത് വളരെ വ്യക്തമവുമായിരിക്കും. കടലിലെയും ഉൾനാടൻ ജലാശയങ്ങളിലെയും മത്സ്യബന്ധനം, കയർ മേഖല, കൃഷി എന്നിവയാണ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. തീരദേശത്തെ വോട്ടുകൾ ഇവിടുത്തെ രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്. മത്സ്യബന്ധന നിരോധന കാലയളവ്, ഇന്ധനവില, ഹാർബർ അടിസ്ഥാന സൗകര്യങ്ങൾ, നഷ്ടപരിഹാര തുക എന്നിവയിലെ അപാകതകൾ എന്നിവ രാഷ്ട്രീയ ചർച്ചകളിൽ പ്രധാനമാകാറുണ്ട്. ഉൾനാടൻ പ്രദേശങ്ങളിൽ നെൽകൃഷിയും തെങ്ങ് കൃഷിയും നേരിടുന്ന പ്രതിസന്ധികളും പ്രളയ നിയന്ത്രണവുമാണ് വോട്ടർമാരുടെ പ്രധാന ഉത്കണ്ഠകൾ.
ഈഴവ സമുദായത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ് ഹരിപ്പാട്. അതോടൊപ്പം തന്നെ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളും ഇവിടെ നിർണ്ണായകമാണ്. ക്ഷേത്ര സമിതികളും സാമൂഹിക കൂട്ടായ്മകളും രാഷ്ട്രീയത്തിന് പുറമെ സമാന്തരമായ ഒരു ജനകീയ ഇടമായാണ് ഇവിടെ പ്രവർത്തിക്കുന്നത്. ല്ല. എസ്എൻഡിപി യോഗത്തിന് വലിയ സ്വാധീനമുള്ള ഇവിടെ, ക്ഷേമ പെൻഷനുകളും ഭവന പദ്ധതികളും നേതാക്കളുടെ ഇടപെടലുകളും നോക്കിയാണ് ഈഴവ സമുദായം രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചുവരുന്നത് എന്ന് മുൻ കാലങ്ങളിലെ കണക്കുകൾ നോക്കിയാൽ മനസിലാക്കാൻ സാധിക്കും. യുഎഡിഎഫിനെയും എൽഡിഎഫിനെയും മാറി മാറി പിന്തുണയ്ക്കുന്നതാണ് മണ്ഡലത്തിന്റെ ചരിത്രം. തങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളോട് മണ്ഡലം എപ്പോഴും കൂറ് പുലർത്തിയതാണ് ചരിത്രം. പുതുമുഖങ്ങൾക്ക് ഇവിടെ മത്സരിച്ച് ജയിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്.
രമേശ് ചെന്നിത്തലയ്ക്കൊപ്പം
സംസ്ഥാനത്ത് ഒട്ടാകെ ഇടതു തരംഗം ആഞ്ഞടിച്ച 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും സ്വന്തം രാഷ്ട്രീയ തനിമ കാത്തു സൂക്ഷിച്ച മണ്ഡലമാണ് ഹരിപ്പാട്. ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന ഇവിടെ യുഡിഎഫ് സ്ഥാനാർഥി രമേശഷ് ചെന്നിത്തലയായിരുന്നു വിജയിച്ചത്. 72768 വോട്ടായിരുന്നു രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. സിപിഐ സ്ഥാനാർഥി അഡ്വ. ആർ സജിലാലിന് 59, 102 വോട്ടും ലഭിച്ചു. എൻഡിഎ സ്ഥാനാർഥിയായിരുന്ന കെ സോമൻ 17890 വോട്ടുകളും നേടിയിരുന്നു. അതായത് 13666 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല കഴിഞ്ഞ പ്രാവശ്യം നിയമസഭയിൽ എത്തിയത്.
ബിജെപി സ്വാധീനം
ഭരണ വിരുദ്ധ വികാരത്തേക്കാൾ ഉപരിയായി, രമേശ് ചെന്നിത്തല എന്ന നേതാവിനുള്ള വ്യക്തിപരമായ സ്വാധീനവും വോട്ടർമാരുമായുള്ള അടുത്ത ബന്ധവുമാണ് രമേശ് ചെന്നിത്തലയെ ഹരിപ്പാട് വിജയിപ്പിച്ചത്. പ്രതിപക്ഷ നേതാവ് എന്ന രീതിയിലുള്ള അദ്ദേഹത്തിൻ്റെ ഇടപെടലും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും നിർണായകമായിരുന്നു എന്നാണ് കണക്കു കൂട്ടുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ സർക്കാർ ക്ഷേമ പദ്ധതികളുടെ സ്വാധീനത്താൽ ഇടതുമുന്നണി വോട്ടുവിഹിതത്തിൽ കാര്യമായ വർധനവ് രേഖപ്പെടുത്തിയിരുന്നു. മുൻ തെരഞ്ഞെടുപ്പകളെ അപേക്ഷിച്ച് ചെന്നിത്തലയുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞത് എൽഡിഎഫ് കേന്ദ്രത്തിന് അത്മവലിശ്വാസം നൽകുന്ന കാര്യമാണ്. എൻഡിഎ സ്ഥാനാർഥിയായിരുന്ന കെ സോമൻ 17000ലധികം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തി തങ്ങളുടെ സ്വാധീനം അറിയിച്ചിട്ടുണ്ട്.
വോട്ട് നില
മണ്ഡലത്തിലെ ബിജെപിയുടെ കാര്യം നോക്കുകയാണെങ്കിൽ ഒരോ തെരഞ്ഞെടുപ്പിലും വോട്ട് ശതമാനം കൂടുന്ന കാഴ്ചയാണ് കാണാൻ സാഘധിക്കുന്നത്. 2011ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന അജിത് ശങ്കറിന് ആകെ കിട്ടിരുന്നത് 3,145 വോട്ടുകളായിരുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ ഡി അശ്വിനി ദേവ് അത് 12,985 ആയി ഉയർത്തി. 2021ലെ തരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ കെ സോമൻ അത് 17,890 ആയി ഉയർത്തിയതാണ് കാണുന്നത്. എൽഡിഎഫിലേക്ക് വന്നാൽ, 2011ലെ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി ജി കൃഷ്ണപ്രസാദ് നേടിയ 61,858 വോട്ടുകൾ, 2016ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും 57,359 ആയി കുറഞ്ഞിട്ടുണ്ട്. പി പ്രസാദ് ആയിരുന്നു 2016ൽ സിപിഐ സ്ഥാനാർത്ഥി. 2011ൽ രമേശ് ചെന്നിത്തല നേടിയത് 67,378 വോട്ടുകളാണെങ്കിൽ 2016 ആകുമ്പോഴേക്കും 75,980 ആയി ഉയർത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ 2021ലെ തെരഞഞെടുപ്പിൽ സിപിഐ സ്ഥാനാർഥി അഡ്വ. ആർ സജിലാൽ വോട്ട് ശതമാനം കൂട്ടി 59,102ലേക്ക് എകത്തിച്ചു. ഈ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയ്ക്ക് 2011ൽ ലഭിച്ചതിനേക്കാൾ വോട്ട് കുറവായിരുന്നു. 2021ൽ ലഭിച്ചത് 72,768 വോട്ടുകളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam