
പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നൽകിയ സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്‍പ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച വിവരത്തെതുടര്‍ന്ന് ഡിഐജി അജിതാ ബീഗം ആണ് സസ്പെൻഡ് ചെയ്തത്. ബാറിൽ അടിപിടിയുണ്ടാക്കിയ കേസിൽ ബെംഗളൂരുവിലെത്തി പ്രതികളെ പിടികൂടിയിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാൻ എത്തിക്കുമ്പോള്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടു പകര്‍പ്പുകളാണ് സമര്‍പ്പിക്കുക. കോടതി നടപടികള്‍ക്കുശേഷമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് കൈമാറുക. എന്നാൽ, കോടതിയിലെത്തിച്ചപ്പോള്‍ തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലൊന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോടതി നടപടിക്ക് മുന്‍പേ തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് എഎസ്ഐ ബിനുകുമാര്‍ കൈമാറിയ വിവരം വ്യക്തമായത്. സംഭവത്തെതുടര്‍ന്ന് എഎസ്ഐയെ ആദ്യഘട്ടത്തിൽ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രതികളുടെ അഭിഭാഷകന്‍റെ കയ്യിൽ നിന്ന് പണം വാങ്ങിയാണ് ഇത്തരത്തിൽ വിവരം ചോര്‍ത്തി നൽകിയിരുന്നതെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതൽ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷമായിരിക്കും തുടര്‍ നടപടിയുണ്ടാകുക.കോന്നി ഡിവൈഎസ്‍പിയായിരിക്കും കൂടുതൽ അന്വേഷണം നടത്തുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam