സംസ്ഥാന സർക്കാരിന്‍റെ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു, ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് അവാർഡുകൾ

By Web TeamFirst Published Jun 21, 2019, 12:38 PM IST
Highlights

മികച്ച ടി വി ക്യാമറാമാനുള്ള അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ക്യാമറാമാൻ ജിബിൻ ബേബി അർഹനായി. ഏഷ്യാനെറ്റ് ന്യൂസ് കോ ഓർഡിനേറ്റിംഗ് എഡിറ്റ‌ർ ജിമ്മി ജെയിംസ് ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹനായി. 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ 2017ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. പോയിന്‍റ് ബ്ലാങ്കിൽ നടൻ വിനായകനുമായുള്ള അഭിമുഖത്തിനാണ് ഏഷ്യാനെറ്റ് ന്യൂസ് കോ ഓഡിനേറ്റിംഗ് എഡിറ്റർ ജിമ്മി ജെയിംസ് ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹനായത്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ക്യാമറാമാൻ ജിബിൻ ബേബിക്കാണ് മികച്ച ടെലിവിഷൻ ക്യാമറയ്ക്കുള്ള അവാർഡ്. കുഞ്ഞിക്കിളി കണ്ണു തുറക്കുന്ന നിമിഷം എന്ന ദൃശ്യമാണ് ജിബിൻ ബേബിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

ജിബിൻ ബേബിക്ക് പുരസ്കാരം നേടിക്കൊടുത്ത ദൃശ്യം: 

 

വിനായകനുമായി ജിമ്മി ജെയിംസ് നടത്തിയ അഭിമുഖം :

 

പത്രമാധ്യമങ്ങളിലെ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ഫോട്ടോഗ്രഫി, കാർട്ടൂൺ വിഭാഗങ്ങളിലും ടിവി റിപ്പോർട്ടിംഗ്, ന്യൂസ് റീഡർ, ന്യൂസ് ക്യാമറ, ടിവി ന്യൂസ് എഡിറ്റിംഗ്, ടിവി അഭിമുഖം എന്നീ വിഭാഗങ്ങളിലുമാണ് അവാർഡ്. 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരത്തിന് അർഹരായവർക്ക് ലഭിക്കുക . ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് 15,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. 

പത്രമാധ്യമത്തിലെ ജനറൽ റിപ്പോർട്ടിംഗിന് മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ എം ഫിറോസ് ഖാനാണ് അവാർഡ്. മൃതദേഹങ്ങൾ സാക്ഷി എന്ന പേരിൽ പ്രവാസ ജീവിതത്തെക്കുറിച്ചെഴുതിയ റിപ്പോർട്ടിനാണ് പുരസ്‌കാരം. വികസനോൻമുഖ റിപ്പോർട്ടിംഗിൽ മംഗളം സീനിയർ റിപ്പോർട്ടർ  കെ. സുജിത്ത് അവാർഡിന് അർഹനായി. ഊതിക്കത്തിക്കരുത് ആ''ചാരം'' എന്ന റിപ്പോർട്ടിനാണ് അവാർഡ്. മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ സിദ്ദിഖുൽ അക്ബറിനാണ് ഫോട്ടോഗ്രഫി അവാർഡ്. മാതൃഭൂമി കാർട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണനാണ് മികച്ച കാർട്ടൂണിനുള്ള അവാർഡ്. 

മനോരമ ന്യൂസിലെ റിപ്പോർട്ടർ എം. ദിനുപ്രകാശിനാണ് ടിവി റിപ്പോർട്ടിംഗിനുള്ള അവാർഡ്. മീഡിയ വൺ റിപ്പോർട്ടർ റഹീസ് റഷീദിന് ടിവി റിപ്പോർട്ടിംഗിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. റിപ്പോർട്ടർ ചാനലിലെ അനൂജദേവിക്കാണ് ടിവി ന്യൂസ് റീഡർക്കുള്ള അവാർഡ്. എസിവി സീനിയർ ന്യൂസ് എഡിറ്റർ ബി അഭിജിത്തിനാണ് ടിവി അഭിമുഖത്തിനുള്ള അവാർഡ്. മീഡിയ വൺ ക്യാമറാമാൻ ജയ്‌സൽ ബാബു ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. 

മാതൃഭൂമി ന്യൂസ് സീനിയർ വിഷ്വൽ എഡിറ്റർ ബൈജു നിഴൂരിനാണ് മികച്ച എഡിറ്റർക്കുള്ള അവാർഡ്. മനോരമ ന്യൂസ് വീഡിയോ എഡിറ്റർ ഡാൾട്ടൻ ജോസ് ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. 

ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രമുഖ മാധ്യമപ്രവർത്തകരായ തോമസ് ജേക്കബ്, സി എസ് വെങ്കിടേശ്വരൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നിവരടങ്ങിയ ജൂറിയാണ് പത്രമാധ്യമ അവാർഡുകൾ നിർണയിച്ചത്. നീലൻ, കെ ബി വേണു, രാജേശ്വരി മോഹൻ എന്നിവരടങ്ങുന്ന ജൂറിയാണ് ടിവി അവാർഡുകൾ നിശ്ചയിച്ചത്.

click me!