പ്രവാസി വ്യവസായിയുടെ ആത്മഹത്യ: അതിരൂക്ഷ വിമ‍ർശനവുമായി ജോയ് മാത്യു

Published : Jun 21, 2019, 12:32 PM ISTUpdated : Jun 21, 2019, 12:40 PM IST
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: അതിരൂക്ഷ വിമ‍ർശനവുമായി ജോയ് മാത്യു

Synopsis

'രാഷ്ട്രീയക്കാർ ഫണ്ട് പിരിവിന് ഗൾഫിൽ വരുമ്പോൾ യാതൊരു ഉളുപ്പുമില്ലാതെ സ്വീകരിക്കാൻ തിടുക്കം കൂട്ടുന്ന പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്'

തിരുവനന്തപുരം: സിപിഎം അംഗങ്ങൾ മാത്രമുള്ള ആന്തൂർ മുനിസിപ്പാലിറ്റിയിൽ നിന്നുണ്ടായ ദുരനുഭവത്തെ തുട‍ർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ അതിരൂക്ഷ വിമ‍ർശനങ്ങളുമായി ജോയ് മാത്യു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കേരളത്തിലെ രാഷ്ട്രീയക്കാരെയും പ്രവാസി സംഘടനകളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

കേരളത്തിൽ വൻ വ്യവസായികൾക്ക് മാത്രമാണ് സംരംഭങ്ങൾ തുടങ്ങാൻ വാതിലുകൾ മല‍ർക്കെ തുറന്നത്. വ‍ർഷം തോറും ഒരു പ്രവാസിയെയെങ്കിലും ബലി കൊടുത്താലും രക്തദാഹം തീരാത്ത രാഷ്ട്രീയക്കാർ ഫണ്ട് പിരിവിന് ഗൾഫിൽ വരുമ്പോൾ യാതൊരു ഉളുപ്പുമില്ലാതെ സ്വീകരിക്കാൻ തിടുക്കം കൂട്ടുന്ന പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടതെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രവാസിസംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്

മണലാരണ്യങ്ങളിൽ പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കി നാട്ടിൽ വന്നു എന്തെങ്കിലും സംരഭം തുടങ്ങുവാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർ , രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളികൾ തുടങ്ങിയ നിരവധി കീറാമുട്ടികളുമായി കെട്ടിമറിഞ്ഞു പരാജയപ്പെടുന്ന ഒരാളുടെ കഥയാണല്ലോ മുപ്പത് വര്ഷം മുൻപ് പുറത്തിറങ്ങിയ 'വരവേൽപ്' എന്ന ശ്രീനിവാസൻ സിനിമ. ഇതു ഒരു പ്രവാസിയുടെ കഥ മാത്രമല്ല. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്നു ശിഷ്ടകാലം ജീവിക്കുവാൻ എന്തെങ്കിലും ഏർപ്പാട് തുടങ്ങിയ ഒരുപാടുപേരുടെ കഥകളിൽ ഒന്ന് മാത്രമാണത്. 
പ്രവാസി ജീവിതം അവസാനിപ്പിച്ചു വരുന്ന മലയാളിക്ക് ഇങ്ങിനെയൊരവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നും ഇതിനു മാറ്റം വരണമെന്നും പറഞ്ഞു 2003 ലെ GIM ൽ അന്നത്തെ പ്രധാനമന്ത്രി ശ്രീ വാജ്‌പേയ് ഈ സിനിമ പരാമർശിക്കുകയും ചെയ്തു. 
എന്നിട്ടുമുണ്ടോ നമ്മൾ മലയാളികൾ മാറുന്നു !
കേരളത്തിൽ എന്തെങ്കിലും സംരംഭം തുടങ്ങി വിജയിച്ച സാധാരണക്കാരനായ പ്രവാസികൾ ആരെങ്കിലും ഉണ്ടോ എന്ന് സംശയം. 
ഇതാ ഒടുവിൽ ഒരു കണ്ണൂർ ജില്ലയിലെ ആന്തൂര് എന്ന സ്ഥലത്ത് ഒരു കൺവെൻഷൻ സെന്റർ തുടങ്ങാനൊരുമ്പെട്ടു ഒടുവിൽ ചുവപ്പ് ഫയലിന്റെ നീരാളി കരങ്ങളിൽ കുടുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന സാജൻ പാറയിൽ എന്ന ഹതഭാഗ്യനാണ് അവസാനത്തെ ഇര. 
മറുനാട്ടിൽ കിടന്ന് വിയർത്തു സമ്പാദിച്ച പണം കൊണ്ട് ശിഷ്ടകാലം ജന്മനാട്ടിൽ കഴിയുക എന്നത് ഒട്ടുമിക്ക പ്രവാസികളുടെയും മോഹമാണ്. 
അമേരിക്കയിലും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിലും പ്രവാസജീവിതം നയിക്കുന്നവർ കേരളത്തിൽ മുതൽ മുടക്കി ഒരു വ്യവസായമോ എന്തിനു മുറുക്കാൻ കടപോലുമോ തുടങ്ങില്ല. കൂടിവന്നാൽ ആൾ താമസമില്ലാത്ത ഒരു കൂറ്റൻ വീടോ ഫ്‌ളാറ്റോ വാങ്ങിച്ചിടും. 
എന്നാൽ മരുഭൂമിയിലെ ജീവിതം അനുഭവിച്ചവർ 
നേരെ തിരിച്ചാണ്. അവർ കിട്ടുന്ന ശബളം കിട്ടുന്നപടി നാട്ടിലേക്കയക്കുന്നു 
മിച്ചം വെച്ച പണം കൊണ്ട് ശിഷ്ടകാലത്തേക്ക് ജീവിക്കുവാനുള്ള ഒരേർപ്പാട് തുടങ്ങുന്നു.സ്വന്തമായി 
ഒരേർപ്പാട് തുടങ്ങുവാനോ വളരുവാനോ അനുവദിക്കാത്ത മണ്ണാണ് കേരളത്തിന്റേത് എന്നറിയുമ്പോഴേക്ക് അയാളുടെ ആയുസ്സ് അവസാനിക്കുന്നു. 
ഒരു വര്ഷം മുമ്പാണ് ഒരു വര്ക്ക് ഷാപ്പ് തുടങ്ങാൻ ശ്രമിച്ചു രാഷ്ട്രീയ പാർട്ടികളുടെ ബലിയായി മാറിയ പുനലൂരിലെ സുഗതൻ എന്നയാളുടെ കഥ നമ്മൾ വായിച്ചു തീർത്തത്. അയാൾ ബലിയായതോടെ വര്ക്ക് ഷാപ്പിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. 
ഇപ്പോൾ ആന്തൂര് എന്ന ഒറ്റ പാർട്ടി ഭരിക്കുന്നയിടത്തിൽ ഒരു പ്രവാസി തന്റെ ജീവിതം ബലി കൊടുക്കേണ്ടി വരുന്നത് എന്തിന്റെ പേരിലായിരിക്കാം? 
ഒരു പാർട്ടി മാത്രം ഭരിക്കുന്ന ഒരു ഗ്രാമം ഇങ്ങിനെയാണെങ്കിൽ കേരളം മൊത്തം ഒരു പാർട്ടി ഭരിച്ചാലുള്ള അവസ്ഥയെയാണ് ഭയക്കേണ്ടത്. 
കേരളം വ്യവസായികൾക്ക് പുതിയ സംരഭം തുടങ്ങാൻ വാതിലുകൾ മലർക്കെ തുറന്നു വെച്ചിട്ടുണ്ടത്രെ !
ശരിയാണ് ഒരു വാക്ക് അതിൽ വിട്ടു പോയിട്ടുണ്ട്. "വൻ" വ്യവസായി എന്നാണു സർക്കാർ ഉദ്ദേശിച്ചത്. 
വൻ വ്യവസായികൾ തുടങ്ങിയ ഏത് സംരംഭത്തിനാണ് വിലക്ക് വീണിട്ടുള്ളത്? 
അവരുടെ ഏത് ഫയലാണ് എവിടെയെങ്കിലും കുരുങ്ങിക്കിടക്കുന്നത്? 
ഇതു ഒരു രാഷ്ട്രീയ പാർട്ടി ഭരിക്കുമ്പോഴുള്ള പ്രതിഭാസമല്ല. ആര് ഭരിച്ചാലും ഇതു തന്നെയാണ് സ്ഥിതി. 
ബുദ്ധിയുള്ള പല പ്രവാസികളും അയൽ സംസ്ഥാനങ്ങളിൽ വ്യവസായം ആരംഭിക്കുന്നതാണ് പുതിയ ലൈൻ. 
വ്യവസായം ലാഭകരമല്ലെങ്കിലും സമാധാനമുണ്ടല്ലോ എന്നതാണ് അവരുടെ സമാധാനം. 
ഇങ്ങിനെ വർഷം തോറും ഒരു പ്രവാസിയെയെങ്കിലും ബലികൊടുത്താലും രക്തദാഹം ശമിക്കാത്ത രാഷ്ട്രീയക്കാർ സഹായം ചോദിച്ചും ഫണ്ടുപിരിവിനായും ഗൾഫിൽ ചെന്നിറങ്ങുന്ബോൾ യാതൊരു ഉളുപ്പുമില്ലാതെ പൂമാലയിട്ട് സ്വീകരിക്കാൻ തിടുക്കം കൂട്ടുന്ന പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന